കൊമ്പെടുക്കാൻ കാട്ടിൽ പാർത്തത് 3 ദിവസം; കുട്ടമ്പുഴ ആനവേട്ടക്കേസിൽ പ്രതികൾക്ക് 4 വർഷം കഠിന തടവും 15000 രൂപ പിഴയും

കുട്ടിക്കൊമ്പന്‍റെ സമീപത്തു നിന്നും തള്ളയാനയും കൂട്ടവും മാറാതെ നിലയുറപ്പിച്ചതിനാൽ 3 ദിവസം വനത്തിൽ ഷെഡ്ഡ് കെട്ടി താമസിച്ചതിനു ശേഷമാണ് പ്രതികൾക്ക് ആനക്കൊമ്പ് ശേഖരിക്കാനായത്.
kuttambuzha elephant hunt case, verdict
കൊമ്പെടുക്കാൻ കാട്ടിൽ പാർത്തത് 3 ദിവസം; കുട്ടമ്പുഴ ആനവേട്ടക്കേസിൽ പ്രതികൾക്ക് 4 വർഷം കഠിന തടവും 15000 രൂപ പിഴയും
Updated on

കോതമംഗലം: കുട്ടമ്പുഴ റെയ്ഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനാനയെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വില്പന നടത്തുവാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് 4 വർഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതി കുട്ടമ്പുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടിൽ നാരായണൻ മകൻ അജി, അഞ്ചാം പ്രതിയും സഹോദരനുമായ ബാബു, മൂന്നാം പ്രതി കുട്ടമ്പുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടിൽ ചെല്ലപ്പൻ മകൻ ഷാജി എന്നിവർക്കാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്റ്റ്രേറ്റ് ഇ.എൻ. ഹരിദാസൻ ശിക്ഷ വിധിച്ചിരിക്കുന്നത്. കാട്ടാനയെ വേട്ടയാടിയതിന് വന്യജീവി (സംരക്ഷണ) നിയമം 1972 സെക്ഷൻ 51 പ്രകാരം 3 വർഷം കഠിന തടവും 10000 രൂപ വീതം പിഴയും, റിസർവ്വ് വനത്തിൽ അതിക്രമിച്ച് കടന്നതിനു് കേരള വനനിയമം 1961 സെക്ഷൻ 27(1)(e)(IV) പ്രകാരം 1 വർഷം കഠിന തടവും 5000 രൂപ വീതം പിഴയും, ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി സിനോജ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. നാലാം പ്രതി കൊന്നത്തടി വില്ലേജിൽ ‌സുരേഷ് വിചാരണക്ക് ഹാജരാകാതെ ഒളിവിൽ തുടരുകയാണ്.

ആനക്കൊമ്പ് വില്പനക്ക് സഹായിച്ച ആറാം പ്രതി രഞ്ജിത്, ആനയെ വേട്ടയാടാനുപയോഗിച്ച തോക്ക് നിർമ്മിച്ച് നല്‌കിയ ഏഴാം പ്രതി ജീവൻ എന്നു വിളിക്കുന്ന എ.ജെ.വർഗ്ഗീസ് എന്നിവരെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി.. 2009 ജൂലൈ ഏഴാം തിയതിയാണ് ഒന്നുമുതൽ അഞ്ച‌് വരെ പ്രതികൾ ലൈസൻസ് ഇല്ലാത്ത നാടൻ തോക്കുമായി ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള മലയാറ്റൂർ റിസർവ്വ് വനത്തിൽ കത്തിപ്പാറ ഭാഗത്ത് അതിക്രമിച്ച് കടന്ന് 6 വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്കൊമ്പനെ വെടിവച്ച് കൊന്നത്. ഒന്നാം പ്രതി അജിയാണ് കുട്ടിക്കൊമ്പനെ വെടി വച്ചത്. വെടിയേറ്റ് വീണ കുട്ടിക്കൊമ്പന്‍റെ സമീപത്തു നിന്നും തള്ളയാനയും കൂട്ടവും മാറാതെ നിലയുറപ്പിച്ചതിനാൽ മൂന്നു ദിവസം വനത്തിൽ ഷെഡ്ഡ് കെട്ടി താമസിച്ചതിനു ശേഷമാണ് പ്രതികൾക്ക് ജഡത്തിൽ നിന്നും ആനക്കൊമ്പ് ശേഖരിക്കാനായത്.

തള്ളയാനയും കൂട്ടവും ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി ജഡം തള്ളി മാറ്റുന്നതിനിടെ ഒരു കൊമ്പ് മണ്ണിൽ തറഞ്ഞ് അടർന്ന് പോയതിനാൽ ഒരു ആനക്കൊമ്പ് മാത്രമായിരുന്നു പ്രതികൾക്ക് ശേഖരിക്കാനായത്. മണ്ണിൽ പുതഞ്ഞ് നഷ്ടപ്പെട്ട ഒരു ആനക്കൊമ്പ് ആനയുടെ ജഡത്തിനു സമീപത്തു നിന്നും പ്രതികൾ തന്നെയാണ് തെളിവെടുപ്പിനിടെ കണ്ടെടുത്തു നല്കിയത്. 17.07.2009 തിയതിയിൽ അടിമാലി വി.ടി. റെസ്റ്റോറന്റ് പരിസരത്ത് പ്രതികൾ ആനക്കൊമ്പ് വില്പന നടത്തുവാൻ ശ്രമിക്കവെയാണ് ഫോറസ്റ്റ് ഇന്‍റലിജെൻസിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്‍റെഅടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്ന മനുസത്യൻ, അടിമാലി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്ന കെ.പി.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ആനക്കൊമ്പുമായി പിടികൂടുന്നത്. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷനിൽ ഒ.ആർ 02/2009 ആയി രജിസ്റ്റർ ചെയ്ത കേസിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായിരുന്ന ഡോ.കൃഷ്ണ ദേവ പ്രസാദ് സാഹു ഐ.എഫ്.എസ്, കുട്ടമ്പുഴ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്ന മനുസത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസ്സിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരായ ബെൽജി തോമസ്, സെബാസ്റ്റ്യൻ.ജി എന്നിവർ ഹാജരായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com