

കുതിരാൻ തുരങ്കത്തിന്‍റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത 544 കുതിരാനിൽ ഇരട്ടക്കുഴൽ തുരങ്കത്തിന്‍റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ. തുരങ്ക ഭാഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. പാറക്കെട്ടിനു മുകളിൽ മണ്ണും മരങ്ങളും ഉൾപ്പെടുന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്കാജനകമാണ്.
പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നിലവിൽ ഭയക്കേണ്ട സാഹചര്യം ഇല്ല എന്നാണ് അധികൃതരുടെ വാദം. ദേശീയപാത അതോറിറ്റി അധികൃതർ അൽപസമയത്തിനകം സ്ഥലത്തെത്തും. ഗതാഗതത്തിന് യാതൊരു തടസ്സവുമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.