കേരള നിയമസഭ
കേരള നിയമസഭ

തദ്ദേശബിൽ തിരക്കിട്ട് പാസ്സാക്കി; പ്രതിപക്ഷം ഇറങ്ങിപ്പോയി

ബില്ല് പാസാക്കിയത് തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ ചർച്ച കൂടാതെ തിരക്കിട്ട് പാസാക്കിയതിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്. 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍, 2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കാതെ കഴിഞ്ഞ ദിവസം നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കുകയായിരുന്നു. ഇതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ഷംസുദീൻ എന്നിവർ സ്പീക്കർക്കു ക്രമപ്രശ്നമുന്നയിച്ചു കത്തു നൽകിയിരുന്നു. ഉച്ചയ്ക്ക് ധനാഭ്യർഥന ചർച്ചയ്ക്കു മുൻപായി വിഷയമുന്നിയിക്കാൻ സ്പീക്കർ അനുമതി നൽകുകയായിരുന്നു. ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാതെ ചട്ടം 76, 77, 237 എന്നിവ ഇളവ് ചെയ്തുകൊണ്ട് സഭ പാസാക്കിയത് ദൗര്‍ഭാഗ്യകരമായ നടപടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചാൽ സമരം നടത്തുന്നത് ഈ സഭയില്‍ ആദ്യമായല്ല. എന്നാല്‍ സഭാതലത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ തന്നെ അജണ്ടയില്‍ വ്യക്തമാക്കിയതില്‍ നിന്നും വ്യത്യസ്തമായി ബില്ലുകള്‍ പരിഗണനയ്‌ക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ മന്ത്രിക്ക് അനുമതി നല്‍കുകയും ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ സഭ പാസാക്കുകയും ചെയ്തു. പ്രതിഷേധിച്ചു എന്നതിന്‍റെ പേരില്‍ ബില്‍ പാസാക്കുന്നതിന്‍റെ നടപടിക്രമങ്ങളൊക്കെ കാറ്റില്‍പ്പറത്തി. പാര്‍ലമെന്‍റില്‍ ബില്ലുകള്‍ പാസാക്കുന്നതു പോലെ മോദി ശൈലിയിലാണ് കേരള നിയമസഭയില്‍ ബില്‍ പാസാക്കിയത്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും വി.ഡി. സതീശൻ. പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെ ബില്ല് പാസാക്കാൻ അനാവശ്യ തിടുക്കമെന്തിനായിരുന്നുവെന്നു രമേശ് ചെന്നിത്തലയും എൻ.ഷംസുദീനും ചോദിച്ചു.

തിടുക്കമുണ്ടായിരുന്നു, എന്നാൽ അനാവശ്യ തിടുക്കമല്ലായിരുന്നുവെന്നും മന്ത്രി എം‌.ബി. രാജേഷ് മറുപടി നൽകി. നേരത്തേ ഇതേ ബിൽ ഒരു തവണ ചർച്ച ചെയ്തു പാസാക്കിയതാണ്. അന്നത്തേതിൽ നിന്നും ഒരു മാറ്റവും വരുത്തിയിട്ടില്ല. 2025 ഡിസംബറിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. അതിനു മുൻപായി വാർഡ് വിഭജനം പൂർത്തിയാക്കണം, ഉദ്യോഗസ്ഥർക്കു പരിശീലനം നൽകണം, വോട്ടിങ് മെഷീനുകൾ പരിശോധിക്കണം, പോളിങ് ബൂത്തുകൾ നിശ്ചയിക്കണം തുടങ്ങി നിരവധി പ്രക്രിയകൾ പൂർത്തിയാക്കേണ്ടതുണ്ട്. സംവരണ വാർഡുകൾ നിശ്ചയിക്കാനും വോട്ടർ പട്ടിക തയാറാക്കാനും സമയമെടുക്കും. ഈ ബിൽ ഇപ്പോൾ പാസാക്കിയില്ലെങ്കിൽ ഇതെല്ലാം തടസപ്പെടും. അതിനാലാണു സർക്കാർ ധൃതി കൂട്ടിയത്. അല്ലാതെ പിടിവാശിയോ പ്രത്യേക താത്പര്യമോയില്ല. പ്രതിപക്ഷ നേതാവിന് എതിർപ്പുണ്ടായിരുന്നെങ്കിൽ ചർച്ച ചെയ്യാമായിരുന്നുവെന്നും ആരും എതിർപ്പു പറഞ്ഞില്ലെന്നും മന്ത്രി. മുൻപും ഇതേ സന്ദർഭങ്ങളിൽ ഇങ്ങനെ പാസാക്കിയിട്ടുണ്ടെന്നു മന്ത്രി പി. രാജീവും അറിയിച്ചു.

നിയമസഭാ ചട്ടങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നതുപോലെ ധനവിനിയോഗ ബില്ലുകള്‍ ഒഴികെയുള്ള എല്ലാ ബില്ലുകളും ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിയുടെയോ, സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്കുശേഷം മാത്രം പാസാക്കുന്ന പ്രവണത തന്നെയാണ് ഏറ്റവും അഭികാമ്യമെന്നു സ്പീക്കർ എ.എൻ. ഷംസീർ റൂൾ ചെയ്തു. വാര്‍ഡ് വിഭജനം ഉള്‍പ്പെടെയുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാല്‍ ബില്‍ അടിയന്തരമായി പാസാക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു എന്ന വസ്തുതയും പരിഗണിക്കേണ്ടതുണ്ടെന്നതിനാൽ ക്രമപ്രശ്നം അവസാനിപ്പിക്കുന്നുവെന്നു സ്പീക്കർ റൂളിങ് നൽകി.

തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.