കേരള ഹോട്ടൽസ് അസോസിയേഷൻ വി. സുനിൽ കുമാർ
കേരള ഹോട്ടൽസ് അസോസിയേഷൻ വി. സുനിൽ കുമാർ

ബാർ കോഴ ആരോപണം തള്ളി കേരള ഹോട്ടൽ‌സ് അസോസിയേഷൻ; പിരിവെടുത്തത് കെട്ടിട നിർമാണത്തിന്

സംഘടന പിളർത്താൻ ശ്രമം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അനിമോനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നതായും സുനിൽ കുമാർ വെളിപ്പെടുത്തി.

തിരുവനന്തപുരം: മദ്യനയത്തിൽ ഇളവ് നൽകുന്നതിനായി സർക്കാരിന് കോഴ നൽകാൻ പണപ്പിരിവ് നടത്തിയെന്ന ആരോപണം തള്ളി കേരള ഹോട്ടൽസ് അസോസിയേഷൻ. പുറത്തു വന്ന ശബ്ദ രേഖ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഘടനാ നേതാവ് അനിമോൻ പുറത്തു വിട്ട ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമാണ്. ബിൽഡിങ് ഫണ്ടിനു വേണ്ടിയാണ് അംഗങ്ങളോട് പണം ആവശ്യപ്പെട്ടതെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി. സുനിൽ കുമാർ വ്യക്തമാക്കി. സംഘടന പിളർത്താൻ ശ്രമം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അനിമോനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നതായും സുനിൽ കുമാർ വെളിപ്പെടുത്തി.

സംഘടനയ്ക്കു വേണ്ടി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിരുന്നു. എറണാകുളത്ത് ഒരു കെട്ടിടം സ്വന്തമായി ഉള്ളതിനാൽ പുതിയൊരു കെട്ടിടം വാങ്ങുന്നതിനെ ചില അംഗങ്ങൾ എതിർത്തിരുന്നു. എന്നാൽ കെട്ടിടം വാങ്ങാമെന്ന തീരുമാനം നടപ്പിലാക്കാൻ സംഘടന തീരുമാനിച്ചിരുന്നു. ഇതു പ്രകാരം അമെരിക്കൻ മലയാളിയായ കെട്ടിട ഉടമസ്ഥന് 5.60 കോടി രൂപ മേയ് 30നുള്ളിൽ നൽകണമായിരുന്നു.

ഇതു വരെയും നാലരക്കോടി രൂപയാണ് അംഗങ്ങളിൽ നിന്ന് ശേഖരിക്കാൻ കഴിഞ്ഞത്. ബാക്കി തുക വായ്പയായി നൽകണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ അനിമോൻ ഉൾപ്പെടെയുള്ളവർ എതിർത്തു. ഇതിനു മുൻപേ തന്നെ മറ്റൊരു സംഘടന രൂപീകരിക്കാൻ അനിമോൻ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും അസോസിയേഷൻ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com