

കടബാധ്യത മൂലം ബസ് സർവീസുകൾ വെട്ടിക്കുറച്ചിട്ടില്ല; ആരോപണം നിഷേധിച്ച് കെഎസ്ആർടിസി
file image
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം ബസ് സർവീസുകൾ വെട്ടിക്കുറച്ചുവെന്ന ആരോപണം നിഷേധിച്ച് കെഎസ്ആർടിസി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വസ്തുതാ രഹിതമാണെന്നും കെഎസ്ആർടിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ദിവസവും 4,371 സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്. കഴിഞ്ഞ ആഴ്ചയിലേതിനാൽ 16 സർവീസുകൾ വർധിപ്പിച്ചിരിക്കുകയാണെന്നും മുൻപ് 4,355 സർവീസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
376 സ്പെയർ ബസുകൾ വിവിധ യൂണിറ്റുകളിൽ സർവീസിന് തയാറാക്കി നിർത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ബസുകൾക്ക് സാങ്കേതിക പ്രശ്നം ഉണ്ടെങ്കിലും സർവീസുകൾക്ക് മുടക്കം സംഭവിക്കില്ല. ഇത്തരം അഭ്യൂഹങ്ങളും വ്യാജവാർത്തകളും വിശ്വസിക്കരുതെന്നും കെഎസ്ആർടിസി പറയുന്നു.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം വൻ കടബാധ്യത നേരിടുന്നുവെന്നും അതുമൂലം നിരവധി സർവീസുകൾ വെട്ടിക്കുറച്ചെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗതാഗത മന്ത്രി സി.പി. ജോണും ഈ ആരോപണത്തെ നിഷേധിച്ചിട്ടുണ്ട്.