കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നത് ചർച്ച ചെയ്യാനിരിക്കെ വായ്പ എടുത്തവരിൽ നിന്ന് ഇഎംഐ ഈടാക്കി ചൂരൽമലയിലെ കേരള ഗ്രാമീണ ബാങ്ക്. സർക്കാരിൽ നിന്നുളള അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെയാണ് അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി നീക്കിവച്ചിരുന്ന തുക ഒറ്റയടിക്ക് ഇഎംഐ ഇനത്തിൽ ഡെബിറ്റായത്.
മുണ്ടക്കൈ ചൂരൽമല പുഞ്ചിരി മട്ടം എന്നിവിടങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികൾ വായ്പയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഗ്രാമീണ ബാങ്കിനെയാണ്. ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ ഈ പാവങ്ങളുടെ പണമാണ് എക്കൗണ്ടിൽ സർക്കാർ സഹായം വന്ന ഉടനെ പിടിച്ചത്.
ബാങ്കുകൾ വായ്പ എഴുതി തള്ളിയില്ലെങ്കിലും തിരിച്ചടവിന് കുറച്ച് സാവകാശമെങ്കിലും തരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. എന്നാൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്നാണ് ഗ്രാമീണ ബാങ്കിന്‍റെ നിലപാട്.
ദുരിതബാധിതരായ ആളുകളുടെ ഇഎംഐ പിടിച്ച ഗ്രാമീൺ ബാങ്ക് നടപടി ക്രൂരമാണെന്ന് സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മര്യാദയില്ലാത്ത നടപടിയാണ് ബാങ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. എല്ലാം നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകുന്ന അടിയന്തര സഹായത്തിൽ നിന്നും പിടിച്ചുപറിച്ചുകൊണ്ടുപോകുന്ന രീതി അംഗീകരിക്കാനാകില്ല. ഇക്കാര്യം ബാങ്കേഴ്സ് സമിതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് വാസവൻ പറഞ്ഞു. വയനാട്ടിൽ ദുരിതബാധിതരായ ആളുകളുടെ വായ്പ എഴുതിത്തള്ളണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ കേരള ബാങ്കിന്‍റെ മാതൃക മറ്റ് ബാങ്കുകൾ പിന്തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.