​28 തദ്ദേശവാർഡുകളിൽ 24 ന് വോട്ടെടുപ്പ്; 2 വാർഡുകളിൽ വിജയിച്ച് സിപിഎം

28 വാർഡുകളിലായി 87 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
local election for 28 wards on 24th
​28 തദ്ദേശവാർഡുകളിൽ 24 ന് വോട്ടെടുപ്പ്; 2 വാർഡുകളിൽ വിജയിച്ച് സിപിഎം
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ . വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ 7മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് 6 മാസം മുൻപുവരെ നല്കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.

ഒരു കോർപ്പറേഷൻ വാർഡ്, 2 ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, 3 മുനിസിപ്പാലിറ്റി വാർഡുകൾ, 22 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേയ്ക്കാണ് 24 ന് വോട്ടെടുപ്പ്.

28 വാർഡുകളിലായി 87 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി .

പോളിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീനും പോളിംഗ് സാമഗ്രികളും കൈപ്പറ്റുന്നതിനുമുള്ള നിർദ്ദേശങ്ങളും നൽകി. വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് മോക്ക് പോൾ നടത്തും.ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 28 ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയിൽ ആകെ 59116 വോട്ടർമാരാണുള്ളത്. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും.

അതേ സമയം തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 24ന് നടക്കും മുമ്പ് 2 വാർഡുകളിൽ വിജയിച്ച് സിപിഎം. കാസർകോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണിത്.പള്ളിപ്പാറയിൽ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ചെങ്കിലും അത് പൂർണമല്ലാത്തതിനാൽ തള്ളിപ്പോവുകയായിരുന്നു.

കോളിക്കുന്നിൽ ഒ നിഷയും പള്ളിപ്പാറയിൽ കെ.സുകുമാരനുമാണ് എതിരില്ലാതെ ജയിച്ചത്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com