

അധ്യാപക - വിദ്യാർഥി അനുപാതം കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ എൽപി സ്കൂളുകളിലെ അധ്യാപക തസ്തികകൾ വർധിപ്പിക്കണമെന്ന സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ലിസ്റ്റിലുള്ളവരുടെ എല്ലാ ആവശ്യവും അംഗീകരിക്കുന്നതിൽ പ്രായോഗിക തടസങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്.
സർക്കാർ എൽപി സ്കൂളുകളിലെ പ്രഖ്യാപിത അധ്യാപക വിദ്യാർഥി അനുപാതം 1:30 ആണെന്നിരിക്കെ നിലവിൽ അനുപാതം 1:19 ആണ്. ആകെ വിദ്യാർഥികൾ 3,49,000 ആണ്, അധ്യാപകർ 18,856. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ അനുപാതം 1:11 ആണ്. ഇടുക്കിയിൽ ഇത് 1:12, കണ്ണൂരിൽ 1:14. അധ്യാപക - വിദ്യാർഥി അനുപാതം 1:25 ആക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടത്. നിലവിലെ കണക്ക് പരിശോധിക്കുമ്പോൾ സമരക്കാരുടെ ആവശ്യം അപ്രസക്തമാണ്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞ് ഡിവിഷൻ ഫോൾ വരുമ്പോൾ അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സമരക്കാരുമായി ഇനിയും ചർച്ച നടത്താം. സമരക്കാർ ഉന്നയിച്ച 4 ആവശ്യങ്ങളിൽ ധാരണയിൽ എത്തിയാൽ ഉത്തരവ് ഇറക്കാൻ സർക്കാർ ഒരുക്കമാണെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇല്ലാത്ത ഒഴിവ് മുൻനിർത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പിഎസ്സി രീതിക്ക് മാറ്റം വരുത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ഇല്ലാത്ത പ്രതീക്ഷ നൽകുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തിലുള്ള അവ്യക്തത പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് അന്വേഷണം നടത്തും. എല്ലാ വകുപ്പുകളും കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും.
കാലടി സംസ്കൃത സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച ഹൈക്കോടതി വിധി നടപ്പാക്കണമെന്നാണ് സർക്കാർ നിലപാട്. വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്ന സമീപനം ഉണ്ടാകരുത്. ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാരിന് സാധിക്കില്ല. തുടർനടപടി തീരുമാനിക്കാനുള്ള അധികാരം സർവകലാശാലയ്ക്കുണ്ട്. സമൂഹ മാധ്യമങ്ങളിൽ വിവിധ മാധ്യമങ്ങളുടെ പേരിൽ പ്രസിദ്ധീകരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കാൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാകണം. ഈ മാസം 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കായിക ബിൽ, പബ്ലിക് സർവീസ് കമ്മീഷൻ ഭേദഗതി ബിൽ, സിദ്ധാർത്ഥൻ റാഗിങ് വിരുദ്ധ ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയുൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.