

എം. സ്വരാജ്
തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാതിരുന്നത് കള്ളൻ വിജയൻ ഫീച്ചർ കാരണമാണെന്ന് സിപിഎം നേതാവും റസിഡന്‍റ് എഡിറ്ററുമായ എം. സ്വരാജ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്വരാജ് ഇക്കാര‍്യം സമ്മതിച്ചത്.
ആദ‍്യ പേജിൽ മുൻ മുഖ‍്യമന്ത്രി വി.എസ്. അച‍്യുതാനന്ദന്‍റെ ലേഖനവും അവസാന പേജിൽ കള്ളൻ വിജയൻ എന്ന തലക്കെട്ടിൽ ലേഖനവും വരുന്നത് അനാവശ‍്യ ചർച്ചകൾക്ക് ഇടയാക്കുമെന്നും ലേഖനം പിൻവലിക്കാൻ തയാറാകാതെ വന്നതോടെയാണ് കെ.ആർ. അജയനെ എഡിറ്റർ ചുമതലയിൽ നിന്നും നീക്കിയതെന്നും സ്വരാജ് യോഗത്തിൽ വ‍്യക്തമാക്കി.
വിഷയത്തിൽ ഉചിതമായ ഇടപെടലാണ് മാനേജ്മെന്‍റ് നടത്തിയതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കള്ളൻ വിജയൻ തലക്കെട്ട് വിവാദത്തിൽ കെ.ആർ. അജയനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ സ്വാരാജ് മാധ‍്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിരുന്നത്. വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ വൈകിയത് സാങ്കേതിക തടസം മൂലമാണെന്നും സ്വരാജ് പറഞ്ഞിരുന്നു.
അതേസമയം, ദേശാഭിമാനി ഒഴിവാക്കിയ കള്ളൻ വിജയൻ എന്ന ഫീച്ചർ ലേഖകൻ ടി.സി. രാജേഷ് സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചിരുന്നു. തിരുവനന്തപുരത്തെ പുല്ലാംപാറയിലെ നാടക ഗ്രാമത്തെ പറ്റിയും അവിടത്തെ പ്രശ്സത നാടക കലാകാരനുമായ വിജയനെ പറ്റിയുള്ളതായിരുന്നു രാജേഷിന്‍റെ ഫീച്ചർ.
നാടകവേദിയിലെ കള്ളൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് കള്ളൻ വിജയൻ, ധന‍്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ എന്ന മേൽവിലാസത്തിൽ കത്തുകൾ ലഭിക്കാറുണ്ടായിരുന്നുവെന്നും ആ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തലക്കെട്ട് നൽകിയതെന്നും പിഴവ് തന്‍റെതാണെന്നും ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ലേഖകൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ‍്യക്തമാക്കിയിരുന്നു.
മുൻ മുഖ‍്യമന്ത്രി വി.എസ്. അച‍്യുതാനന്ദൻ അനുസ്മരണത്തോടൊപ്പമാണ് ഫീച്ചറും പുറത്തിറങ്ങേണ്ടിയിരുന്നത്. സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ സാധിച്ചില്ലെന്നായിരുന്നു ദേശാഭിമാനിയുടെ ഔദ‍്യോഗിക വിശദീകരണം. വിഎസിന്‍റെ ചരമവാർഷികവുമായി ബന്ധപ്പെട്ടുള്ള ലേഖനവും കള്ളൻ വിജയൻ എന്ന തലക്കെട്ടുമുള്ള ഫീച്ചറുമാണ് വാരാന്തപ്പതിപ്പ് വൈകാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിവാദമായ ഫീച്ചർ ഒഴിവാക്കി പുതിയ വാരാന്തപ്പതിപ്പ് പുറത്തിറക്കിയത്.