35 വർഷം മുൻപ് കടം വാങ്ങിയ 1,000 രൂപ 25,000 ആയി തിരിച്ചുകൊടുത്ത് മലയാളി

സൗദിയിലെ അബ്ഖൈഖിൽ പരിചയപ്പെട്ട ഇസ്മായിലും തെലങ്കാനക്കാരൻ എഡ്‌ല ലച്ചന്നയും; 120 റിയാൽ കടത്തിന് 35 വർഷത്തിന് ശേഷം പലിശകൂട്ടി 25,000 രൂപ നൽകി സൗഹൃദം പുതുക്കി
Malayali repays Rs 1,000 loan as Rs 25,000 after 35 years

ഇസ്മായിൽ, ലച്ചന്ന

Updated on

കടം വാങ്ങിയാൽ തിരിച്ചുകൊടുക്കാത്തവർക്ക് നീയൊരു മാതൃകയാകണം എന്ന് പുലിവാൽ കല്യാണത്തിൽ സലിം കുമാർ പറയുന്നുണ്ട്. ജീവിതത്തിൽ അതു നടപ്പാക്കി കാണിച്ച ആളാണ് ഇസ്മായിൽ എന്ന മലയാളി. അല്ലെങ്കിലും മലയാളി പൊളിയല്ലേ! 35 വർഷം മുൻപ് സുഹൃത്തിൽ നിന്ന് വാങ്ങിയ ഒരു ചെറിയ തുകയ്ക്ക്, പലിശയും കൂട്ടി കൂട്ടി അങ്ങ് 25,000 രൂപയാക്കി തിരികെ നൽകിയിരിക്കുകയാണ് ഇദ്ദേഹം. സംഭവം നടന്നത് തെലങ്കാനയിലാണെങ്കിലും നമ്മുടെ കഥനായകൻ നല്ല പച്ച മലയാളിയാണ്.

1991-ൽ സൗദിയിലെ അബ്ഖൈഖിൽ വെച്ചാണ് ഇസ്മായിലും തെലങ്കാന സ്വദേശിയായ എഡ്‌ല ലച്ചന്നയും പരിചയപ്പെടുന്നത്. ഒരേ മുറിയിൽ താമസിച്ചും ഒരുമിച്ച് പാചകം ചെയ്തും കഴിഞ്ഞിരുന്ന ഉറ്റ സുഹൃത്തുക്കൾ. ആ സമയത്താണ് ലച്ചന്നയുടെ കൈയിൽ നിന്ന് നമ്മുടെ ഇസ്മായിൽ 120 സൗദി റിയാൽ കടം വാങ്ങുന്നത്. അന്നത്തെ കാലത്ത് അത് ഏകദേശം 1,000 ഇന്ത്യൻ രൂപയാണ് ഇതിന്‍റെ മൂല്യം. പണം തിരികെ നൽകുമെന്ന് അന്ന് വാക്കു കൊടുത്തതുമാണ്. പക്ഷേ, വിധി വില്ലനായി! കാര്യങ്ങൾ മാറിമറിഞ്ഞു, ലച്ചന്ന നാട്ടിലേക്ക് തിരിച്ചു. അന്ന് വാട്‌സ്ആപ്പോ ഫേസ്ബുക്കോ ഒന്നുമില്ലാത്തതുകൊണ്ട് പിന്നെ തമ്മിൽ ഒരു ബന്ധവുമില്ലാതെയായി.

പഴയ കടം, പുത്തൻ അന്വേഷണം!

കാശ് വലിയ തുകയൊന്നുമല്ലെങ്കിലും, ഇസ്മായിലിന്‍റെ മനസിൽ ആ 1,000 രൂപ ഒരു മുള്ള് പോലെ കിടക്കുകയായിരുന്നു. ഒടുവിൽ ആ പഴയ കടം വീട്ടാൻ തന്നെ ഇസ്മായിൽ തീരുമാനിച്ചു. ലച്ചന്നയുടെ മേൽവിലാസത്തെക്കുറിച്ച് ആകെ ഓർമയിലുള്ളത് 'ധർമപുരി' എന്ന സ്ഥലപ്പേര് മാത്രം! ഒരു സിഐഡി സിനിമയിലെ നായകനെപ്പോലെ ഇസ്മായിൽ ഓൺലൈനിലും നാട്ടുകാരുടെ സഹായത്തോടെയുമൊക്കെ ലച്ചന്നയെ അന്വേഷിച്ചു തുടങ്ങി. ഒടുവിൽ തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ധർമപുരിയിൽ വെച്ച് ആ പഴയ ചങ്ങാതിയെ കണ്ടെത്തുകയും ചെയ്തു!

ലച്ചന്നയുടെ വീട് കണ്ടുപിടിച്ച ഇസ്മായിൽ നേരെ അദ്ദേഹത്തിന്‍റെ കുടുംബത്തെ വിളിച്ച് 25,000 രൂപ കൊടുത്തു. ലച്ചന്ന അപ്പോൾ ഗൾഫിലായിരുന്നു. ഉടൻ തന്നെ വിഡിയൊ കോളിൽ വന്ന ലച്ചന്നയ്ക്ക് ഇതുകേട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല. 35 വർഷം മുൻപ് താൻ കൊടുത്ത ചെറിയ തുകയ്ക്ക് ഇത്രയും വലിയൊരു തുക തിരികെ ലഭിക്കുമെന്ന് ലച്ചന്ന സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

"അവൻ പണ്ടേ സത്യസന്ധൻ"

"ഞങ്ങൾ അബ്ഖൈഖിൽ ഒരുമിച്ച് താമസിച്ചിരുന്നവരാണ്. വൈകുന്നേരം ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കുമായിരുന്നു. അതൊരു വലിയ സൗഹൃദമായിരുന്നു. ഇസ്മായിൽ വളരെ സത്യസന്ധനായ മനുഷ്യനാണ്. 120 റിയാലിന് പകരം അവൻ എന്തിന് 25,000 രൂപ നൽകി എന്ന് എനിക്കറിയില്ല. ഒരുപക്ഷേ വലിയ പലിശ കൂട്ടിക്കാണും. അവൻ കാണിച്ച ഈ സത്യസന്ധത ഞങ്ങളുടെ സൗഹൃദത്തിന്‍റെ ആഴമാണ് കാണിക്കുന്നത്," ലച്ചന്ന വികാരഭരിതനായി പറയുന്നു.

എന്തായാലും കാലമെത്ര കഴിഞ്ഞാലും പറഞ്ഞ വാക്ക് പാലിക്കുന്ന ഒരു തനി മലയാളിയെ കിട്ടിയതിൽ ലച്ചന്നയ്ക്കും അഭിമാനം, നമുക്കും! കടം കൊടുത്തവർ പോലും മറന്ന പൈസ, അതു വാങ്ങിയ ഇസ്മായിൽ മറന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം!

logo
Metro Vaartha
www.metrovaartha.com