

മമ്മൂട്ടി ഗോപാലകൃഷ്ണന്‍റെ വീട്ടിലെത്തിയപ്പോൾ
തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍റെ വീട്ടിൽ സന്ദർശനം നടത്തി മെഗാസ്റ്റാർ മമ്മൂട്ടി. കഴിഞ്ഞ ദിവസമായിരുന്നു ഗോപാലകൃഷ്ണന്‍റെ മകളുടെ വിവാഹം. ചടങ്ങിലേക്ക് മമ്മൂട്ടിക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും ആലുവ പാലത്തിൽ ഗതാഗതക്കുരുക്കിൽ ഉൾപ്പെട്ട് തിരികെ പോകുകയായിരുന്നു.
അതിനാലാണ് ഇപ്പോൾ മമ്മൂട്ടി ഗോപാലകൃഷ്ണന്‍റെ ചേറൂർ ഗാന്ധിനഗർ വസതിയിലെത്തി നവദമ്പതികളെ കണ്ട് ആശംസ നേർന്നത്. ഒരുമണിക്കൂർ വീട്ടിൽ ചെലവിട്ട ശേഷമായിരുന്നു മമ്മൂട്ടി മടങ്ങിയത്. നിർമാതാവ് ആന്‍റോ ജോസഫും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ പറ്റി അടുത്തിടെ ഗോപാലകൃഷ്ണന്‍ സമൂഹമാധ‍്യമത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു.
'സ്നേഹം സൗഹൃദം സ്വാഭാവികമാണ്. പക്ഷെ എളിമ അത് അപൂർവ്വമാണ്. അതാണ് എനിക്കിഷ്ടം ഞങ്ങളുടെ ബന്ധത്തിന് ദൃഡതയും അതു തന്നെ മമ്മുക്കയിൽ നിന്ന് അത് അനുഭവിക്കുന്നത് ഒരു സുഖമാണ്'. ഇതായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അന്ന് അത് വലിയ രീതിയിൽ ചർച്ചയായിരുന്നു.