

മമ്മൂട്ടി കെ. റഫീഖിനോട് സംസാരിക്കുന്നു.
കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാസെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ മമ്മൂട്ടിക്കെതിരേ രൂക്ഷമായ സൈബർ ആക്രണം. പരസ്യമായി മമ്മൂട്ടി നടത്തിയ പ്രതികരണത്തിനെതിരേ കടുത്ത വിർശനമാണ് ഉയരുന്നത്. ശനിയാഴ്ച ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയപ്പോൾ ജില്ലാ സെക്രട്ടറി കെ. റഫീഖിനോടാണ് മമ്മൂട്ടി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. നിങ്ങളെന്തിനാണ് എപ്പോഴും എന്‍റെ കൂടെ തന്നെ നിൽക്കുന്നത്‍? നിങ്ങൾക്കു വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കില്ലേ? എന്നാണ് മമ്മൂട്ടി റഫീക്കിനോട് പരസ്യമായി പറഞ്ഞത്.
ടൗൺഷിപ്പ് നിർമിച്ചതിനു പിന്നിൽ കേരളജനതയാണെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിനെ പരാമർസിക്കാൻ മമ്മൂട്ടി വിമുഖത കാണിച്ചതും ഇടതു പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേ സമയം പാർട്ടിയോ സർക്കാരോ ക്ഷണിച്ചിട്ടല്ല മമ്മൂട്ടി ടൗൺഷിപ്പ് സന്ദർശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. മാധ്യമങ്ങളെ അറിയിക്കാതെ സ്വകാര്യ സന്ദർശനം ആണ് മമ്മൂട്ടി ഉദ്ദേശിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
വയനാട്ടിൽ ദുരന്തമുണ്ടായ സമയം മുതൽ ഒപ്പമുണ്ടായവരാണ് പാർട്ടി പ്രവർത്തകർ എന്നും അതു കൊണ്ട് ഒരിക്കലും അവരേക്കാൾ മുകളിലല്ല മമ്മൂട്ടി എന്നും ചിലർ കുറിക്കുന്നു. കോൺഗ്രസ് സ്ഥാനാർഥിയായ രമേഷ് പിഷാരടിയെ ഒപ്പം കൊണ്ടു നടക്കാൻ മടിയില്ലാത്ത മമ്മൂട്ടിക്ക് സിപിഎം ജില്ലാ സെക്രട്ടറി ഒപ്പം നിൽക്കുമ്പോൾ എന്താണ് പ്രശ്നമെന്നും അഹങ്കാരത്തിനു കൈയും കാലും വച്ചയാളാണെന്നും താരരാജാവല്ല ജാഡരാജാവാണെന്നുമുള്ള കമന്‍റുകളും വൈറലായ വിഡിയോക്കു താഴെയുണ്ട്.