ആര്‍ച്ച്‌ബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്‍റെ സ്ഥാനാരോഹണം 31ന്

ആർച്ച്‌ ബിഷപ് സ്ഥാനത്തുനിന്നും വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും ഇതോടൊപ്പം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
Mar thomas tharayil to be arch bishop
മാര്‍ തോമസ് തറയിൽ
Updated on

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആര്‍ച്ച്‌ബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്‍റെ സ്ഥാനാരോഹണം 31ന് നടക്കും. ആർച്ച്‌ ബിഷപ് സ്ഥാനത്തുനിന്നും വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും ഇതോടൊപ്പം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. രാവിലെ 9ന് പ്രത്യേകം തയാറാക്കിയ പന്തലില്‍ ശുശ്രുഷകള്‍ ആരംഭിക്കും. സ്ഥാനാരോഹണ കര്‍മങ്ങള്‍ക്ക് സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികനായിരിക്കും. ആർച്ച്‌ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹ കാര്‍മികരായിരിക്കും.

തുടര്‍ന്ന് ആര്‍ച്ച്‌ ബിഷപ് മാര്‍ തോമസ് തറയിലിന്‍റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആർച്ച്‌ ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്‌ ബിഷപ് ഡോ.ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. തുടർന്ന് 11.45ന് പൊതുസമ്മേളനം. വത്തിക്കാന്‍ മുന്‍ പ്രതിനിധി ആര്‍ച്ച്‌ ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും ചേര്‍ന്ന് ദീപം തെളിക്കും. അതിരൂപത വികാരി ജനറൽ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ സ്വാഗതം ആശംസിക്കും. സിബിസിഐ പ്രസിഡന്‍റ് ആര്‍ച്ച്‌ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍, മാര്‍ത്തോമ്മ സഭാതലവന്‍ റവ. ഡോ. തെയൊഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത എന്നിവര്‍ ആശീര്‍വാദ പ്രഭാഷണങ്ങള്‍ നടത്തും. മാര്‍ പെരുന്തോട്ടത്തിന് അതിരൂപതയുടെ നന്ദി അര്‍പ്പിച്ച്‌ എസ്ഡി സന്യാസിനീ സമൂഹം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ ദീപ്തി ജോസും മാര്‍ തോമസ് തറയിലിന് ആശംസകള്‍ നേര്‍ന്ന് അതിരുപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂവും സംസാരിക്കും. ജര്‍മനിയിലെ ബാംബര്‍ഗ് ആര്‍ച്ച്‌ ബിഷപ് ഹെര്‍വിഗ് ഗൊസല്‍, മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, കൊടിക്കുന്നേല്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ പ്രസംഗിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com