

വീണ വിജയൻ
കൊച്ചി: മാസപ്പടി കേസിൽ ഇഡിക്ക് മുൻപാകെ വെള്ളിയാഴ്ച വീണ വിജയൻ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ ഇഡിക്ക് ഇമെയിൽ അയച്ചു. ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ ഒരുക്കമാണെന്നും മെയിലില്‍ വീണ അറിയിച്ചു.
അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്. വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. പുതിയ സമൻസ് ഇഡി നൽകും. കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് ഇഡി നല്‍കിയ നിർദേശം.
ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വീണയടക്കം 9 പേർക്കാണ് ഇഡി നോട്ടീസയച്ചത്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്‍റ് മാനേജിങ് ഡയറക്റ്റർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്റ്റർമാരാണ് ഇവർ.