ചാലക്കുടിയിൽ കിടക്കക്കമ്പനി കത്തി നശിച്ചു; 10 കോടി രൂപയുടെ നഷ്ടം, ദുരൂഹത ആരോപിച്ച് ഉടമ

സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്‍റെ നീക്കം.
Mattress factory in Chalakudy destroyed by fire

ചാലക്കുടിയിൽ കിടക്കക്കമ്പനി കത്തി നശിച്ചു

Updated on

കെ.കെ. ഷാലി

തൃശൂർ: ചാലക്കുടി മാമ്പ്രയില്‍ ദുരൂഹ സാഹചര്യത്തില്‍ കിടക്ക കമ്പനി പൂര്‍ണമായി കത്തി നശിച്ചു. ജില്ലാ അതിര്‍ത്തിയായ പാറക്കടവ് പഞ്ചായത്തിലെ മാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന എഎന്‍എ മാട്രസിന്‍റെ ലാമിയര്‍ എന്ന കിടക്ക യൂണിറ്റാണ് തിങ്കളാഴ്ച രാവിലെയോടെ കത്തി നശിച്ചത്. മൂന്നര മണിക്കൂര്‍ നേരമെടുത്താണ് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് നിഗമനം. അപകടകാരണം വ്യക്തമല്ല. കൊരട്ടി കുലയിടം സ്വദേശി നെയ്യ്‌ച്ചേരി അജ്മല്‍ അമീറിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കത്തി നശിച്ചത്. കമ്പനി പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ചൊല്ലി തര്‍ക്കമുള്ളതായ‌ും തീ പിടിത്തത്തിനു പിന്നിൽ മറ്റാരോ ഉണ്ടെന്നും ഉടമ അമീർ ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകുമെന്നും ഉടമ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്‍റെ നീക്കം.

തിങ്കളാഴ്ച രാവിലെ 7.15ഓടെ ‌കമ്പനിയുടെ പുറകിൽ നിന്ന് വലിയ തോതില്‍ പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് ഉടമയെയും ഫ‍യർഫോഴ്സിനെയും വിവരമറിയിച്ചത്. ചാലക്കുടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ദേശീയ പാതയിലെ ഗതാഗത കുരുക്കിൽ കുടുങ്ങിയതോടെ അങ്കമാലി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും അവര്‍ ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. പിന്നീട് ‌ചാലക്കുടി, മാള, ആലുവ, പുതുക്കാട് എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി. ഷീറ്റുമേഞ്ഞ കെട്ടിടവും കെട്ടിടത്തിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന വിവിധ മെഷീനുകള്‍, വിവിധയിനം കിടക്കകള്‍,സോഫ സെറ്റുകള്‍, മെറ്റീരിയലുകള്‍, സ്‌പോഞ്ച് എല്ലാം ഇതിനിടയില്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. കമ്പനിക്കു തൊട്ടടുത്തായി നിർത്തിയിട്ടിരുന്ന രണ്ട് ലോറികളിൽ തീ പടരാതിരുന്നത് വൻ അപകടത്തെ ഒഴിവാക്കി.

ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലത്ത് അന്‍പതിനായിരത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടത്തിലാണ് അഞ്ച് വർഷമായി സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഞായറാഴ്ച രാത്രി പത്തരയോടെ കമ്പനി പൂട്ടി പോകുമ്പോള്‍ ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും വൈദ്യുതി വിതരണം ഓഫാക്കിയതിനു ശേഷമാണ് താൻ പോയതെന്നും ഉടമ അമീർ പറയുന്നു. കെട്ടിടത്തിന്‍റെ പുറത്ത് സൗരോർജ ലൈറ്റും, നിരീക്ഷണ ക്യാമറയും മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. കമ്പനി പ്രവര്‍ത്തിക്കുന്ന ഏകദേശം ഒരേക്കറിലധികം വരുന്ന സ്ഥലം വിലക്ക് വാങ്ങുവാനായി കരാര്‍ എഴുതിയിട്ട് വര്‍ഷങ്ങളായിട്ടും സ്ഥലം തീര്‍ നല്‍കുവാന്‍ സ്ഥലയുടമകള്‍ തയ്യാറായിരുന്നില്ല.

ഇതിനെ തുടര്‍ന്ന് ബാങ്ക് ലോണുകള്‍ നഷ്ടമായതായി അമീർ ആരോപിക്കുന്നു. ഇതിനിടയില്‍ സ്ഥലം ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമകള്‍ വക്കീല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് അമീര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരം ആമീന്‍ സ്ഥലം സന്ദര്‍ശിക്കുവാന്‍ ഇരിക്കെയാണ് തീപിടിത്തം.

സംഭവമറിഞ്ഞ് എംപി ബെന്നി ബെഹനാന്‍, എംഎല്‍എമാരായ റോജി എം ജോണ്‍, ഒ.ജെ.ജെനീഷ്, തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോണ്‍ പല്ലിശ്ശേരി, അന്നമനട പഞ്ചായത്ത് പ്രസിഡന്‍റ് സുനിത സജീവന്‍, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് ആശ രഘുനാഥ് എന്നിവരും കൊരട്ടി, അങ്കമാലി പൊലീസും സ്ഥലത്തെത്തി.

logo
Metro Vaartha
www.metrovaartha.com