

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് കർശന വിലക്ക്
കേരള സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് ആരംഭിച്ച നിയന്ത്രണം ഇപ്പോൾ മറ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
പൊതുസന്ദർശകർക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് മാധ്യമപ്രവർത്തകരെയും തടയുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് ബാരിക്കേഡ് വെച്ച് പൂർണമായി അടക്കുകയും ചെയ്തു.
ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന കർശന നിർദേശം.
സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളിൽ സുഗമമായി പ്രവേശിച്ച് വാർത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണ് അക്രഡിറ്റേഷൻ കാർഡുകൾ അനുവദിക്കുന്നത്. എന്നാൽ ഈ ഔദ്യോഗിക കാർഡുമായി എത്തുന്നവരെയും സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടയുകയാണ്.
പുതിയ സർക്കാർ അധികാരമേറ്റതു മുതൽ പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയത്. പ്രത്യേക പാസ് എടുത്തോ, അല്ലെങ്കിൽ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഔദ്യോഗിക ഫോൺ കോൾ വഴിയോ മാത്രമേ ഈ സമയത്തും ആളുകൾക്ക് അകത്ത് കടക്കാൻ സാധിക്കൂ. ഈ സമയക്രമം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ മാധ്യമങ്ങളെയും തടയുന്നത്.
പിണറായി സർക്കാരിന്‍റെ കാലത്താണ് സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് സമാനമായ രീതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് ഈ മാധ്യമ വിലക്കിനെതിരേ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭരണപക്ഷമായപ്പോൾ ഇതുതന്നെ പിന്തുടരുകയാണ് യുഡിഎഫ്.