മെഡിസെപ് പരിഷ്കരിച്ചു; 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ചികിത്സാ പ്രക്രിയകളും ഉൾപ്പെടുത്തും.
Medisep revised; insurance cover of Rs 5 lakh

മെഡിസെപ് പരിഷ്കരിച്ചു; 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്‍റെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതു പ്രകാരം ഇൻഷുറൻസ് പരിരക്ഷ മൂന്ന് ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ചികിത്സാ പ്രക്രിയകളും ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ബെനഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും. 10 തരം അവയവ മാറ്റ രോഗ ചികിത്സാ പാക്കേജുകളും പദ്ധതിയിലുണ്ടായിരിക്കും. ഇതിന് ഇൻഷുറൻസ് കമ്പനി രണ്ടു വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം.

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭിക്കാത്ത ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ ഒരു ശതമാനം വരെ മുറി വാടക(5000/ദിവസം). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ. പോളിസി കാലയളവ് നിലവിലുള്ള മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും. നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ- ഇംപേഴ്സ്മെന്‍റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള മൂന്ന് ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്താനും തീരുമാനമായി.

തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും. പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം മൂന്ന്, അഞ്ച് ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവിൽ വരും. ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ ക്യൂആർ കോഡ് സംവിധാനം ഉൾപ്പെടുത്തും. കരാറിൽ നിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള എസ്ഒപി(സ്റ്റാന്‍റേർഡ് ഓപ്പറേറ്റിംഗ് പ്രൊസ്യൂജ്യർ) ഇൻഷ്വറൻസ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com