

വിദ്യാർഥികളിൽ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ല; ഹൈക്കോടതി
kerala highcourt
കൊച്ചി: വിദ്യാർഥികളിൽ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ചൂരൽപ്രയോഗം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂൾ അധ്യാപകനെതിരേ വിഴിഞ്ഞം പൊലീസെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
സ്‌കൂളിൽ അച്ചടക്കം വളർത്താനും വിദ്യാർഥികളെ തിരുത്താനും അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാർഥിയെ ശാരീരികമായി ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നുമാണ് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ്കുമാർ വ്യക്തമാക്കിയത്.
തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകൻ ഫയൽചെയ്ത ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. 2025 ഫെബ്രുവരി 10-ന് ആണ് കേസിന് ആസ്പദമായ സംഭവം. തന്നെ സ്റ്റാഫ് മുറിയിലേക്കു വിളിച്ചുവരുത്തിയ അധ്യാപകൻ ചൂരൽ ഉപയോഗിച്ച് അടിച്ചെന്നായിരുന്നു പരാതി.