

തിരുവനന്തപുരം: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ് പെരുപ്പിച്ച കാണിച്ച കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.
സാംസ്കാരിക പ്രവർത്തകനും കലാകാരനുമായ ഹിരൺദാസ് മുരളി എന്ന വേടന്‍റെ അറസ്റ്റും തുടർന്നുണ്ടായ സംഭവങ്ങളെ ദൗർഭാഗ്യകരമായിപ്പോയെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. വേടൻ ശക്തമായി തിരിച്ചുവരണമെന്നും അദ്ദേഹം പറയുന്നു.
കേസുമായി ബന്ധപ്പെട്ട് അനാവശ്യ പ്രതികരണങ്ങൾ നടത്തി, അപൂർവമായൊരു സംഭവം എന്ന നിലയിൽ ഈ കേസിനെ പെരുപ്പിച്ചു കാണിക്കുകയാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ചെയ്തതെന്നാണ് മന്ത്രി പറയുന്നത്.
രാഷ്ട്രീയബോധമുള്ള യുവതയുടെ പ്രതിനിധി എന്ന നിലയിൽ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടൻ. അതുകൊണ്ടു തന്നെ അറസ്റ്റിനിടയായ സാഹചര്യങ്ങൾ തിരുത്തി തിരിച്ചുവരാൻ വനം വകുപ്പ് വേടന്‍റെ ഒപ്പമുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകുന്നു.