
"പാലിയേക്കര ടോൾ നിരക്കു കുറയ്ക്കും"; ഗഡ്കരി ഉറപ്പു നൽകിയെന്ന് കെ. രാധാകൃഷ്ണൻ എംപി
ന്യൂഡൽഹി: പാലിയേക്കരയിലെ ടോൾ നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയെന്ന് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ. ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് എംപി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ ചർച്ചയിലാണ് ഉറപ്പു ലഭിച്ചതെന്ന് കെ. രാധാകൃഷ്ണൻ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.
ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള ദേശീയ പാതകയിലെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന്‍റെ പശ്ചാത്തലത്തിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
കരാർ കമ്പനി ഇതു വരെ 1600 കോടിയിലധികം രൂപ പിരിച്ചുവെന്നും റോഡ് നിർമാണത്തിന് ചെലവായത് 720 കോടി മാത്രമാണെന്നും എംപി കത്തിൽ ആരോപിച്ചിരുന്നു. കരാർ എടുത്ത് എൻഎച്ച്എഐക്ക് ടോൾ പിരിക്കാനുള്ള കാലാവി 2028 വരെ നീട്ടിക്കൊടുത്തത് പ്രതിഷേധാർഹമാണെന്നു കെ. രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.