

സി.പി. ജോൺ
തിരുവനന്തപുരം: കെഎസ്ആർടിസിയെ പുറമ്പോക്കിലേക്ക് തള്ളിവിടില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ജീവനക്കാരെ വിശ്വാസത്തിൽ എടുത്താവും കെഎസ്ആർടിസിയെ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരിക. പ്രിയദർശിനി ബസ് സർവീസ് വന്നതോടുകൂടി കെഎസ്ആർടിസിയുടെ നിലവാരം വർധിച്ചിരിക്കുകയാണ്. അതിന് നന്ദി പറയേണ്ടത് രാഹുൽ ഗാന്ധിയോട് ആണെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ നയത്തിനനുസരിച്ച് പുതിയ ബസുകൾ വാങ്ങാനും നടപടി സ്വീകരിക്കും. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും കെഎസ്ആർടിസിയെ സെൻട്രൽ സ്റ്റേജിൽ നിർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഡ്രൈവേഴ്സ് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസിയുടെ കാശില്ലാതെ തന്നെ ബസുകൾ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിനായുള്ള നടപടി സ്വീകരിക്കും. പരസ്യങ്ങൾ നൽകിയും, കാർഗോ സംവിധാനം ശക്തിപ്പെടുത്തിയും ടിക്കറ്റ് ഇതര വരുമാനത്തിലൂടെ കെഎസ്ആർടിസിയുടെ സാമ്പത്തിക വരുമാനം മെച്ചപ്പെടുത്തും. ജീവനക്കാർ കെഎസ്ആർടിസിയുടെ അംബാസിഡർമാർ ആയി പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്ധനക്ഷമത കൂടുതൽ നേടുന്ന ഡ്രൈവർമാർക്ക് നിലവിൽ നൽകുന്ന തുക വർധിപ്പിക്കും എന്നും മന്ത്രി പറഞ്ഞു.