കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷ്വറൻസ് പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

അപകടത്തിൽ കെഎസ്ആർടിസി സ്ഥിരം ജീവനക്കാരിൽ ആരെങ്കിലും മരിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും
minister kb ganesh kumar announces new sbi insurance package for ksrtc employees

കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷ്വറൻസ് പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

file image

Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷ്വറൻസ് പാക്കെജ് നടപ്പാക്കുകയാണെന്ന് ഗതാഗത​ മന്ത്രി കെ.ബി. ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. കരാർ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പിട്ടു.

അക്കൗണ്ട് തല ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22,095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്‍റെ ഭാഗമായാണ് ഇൻഷ്വറൻസ് പദ്ധതിയും നടപ്പിലാക്കുന്നത്.

വ്യക്തിഗത അപകടത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും. എയർ ആക്‌സിഡൻറ്റിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1.60 കോടി ലഭിക്കും. അപകടത്തിൽ സ്ഥിരമായ പൂർണ വൈകല്യം സംഭവിച്ചാലും ഒരു കോടി രൂപ വരെ ലഭിക്കുന്ന പദ്ധതിയിൽ, സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും. 25,000 രൂപയ്ക്ക് മുകളിൽ ശമ്പള​മുള്ള ജീവനക്കാരുടെ സാധാരണ മരണത്തിനു കുടുംബത്തിന് സഹായമായി 6 ലക്ഷം രൂപ ലഭിക്കും. അപകട മരണം സംഭവിച്ചവരുടെ കുട്ടികൾക്കു​ വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെ, പെൺകുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിയ്ക്ക് 5 ലക്ഷം രൂപ എന്ന രീതിയിൽ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. അപകട ചികിത്സയ്ക്കുള്ള ചെലവിനും മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനും ഇൻഷ്വറൻസ് പദ്ധതിയിലൂടെ സഹായം ലഭിക്കും.

ജീവനക്കാരുടെ താല്പര്യപ്രകാരം 2 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കൽ ഇൻഷ്വറൻസിലേക്ക് വാർഷിക പ്രീമിയം നൽകി ചേരാനും അവസരമുണ്ട്. 75 വയസ് വരെ ഇത് പുതുക്കാം. ജീവനക്കാർക്ക് വളരെ ആശ്വാസകരമായ പദ്ധതിയാണിതെന്നു മന്ത്രി പറഞ്ഞു.​

കെഎസ്ആർടിസിയിൽ ഒന്നര വർഷത്തിൽ 56 പരിഷ്‌കാ​രങ്ങൾ നടപ്പിലാക്കി. മുഴുവൻ ജീവനക്കാർക്കും ക്യാൻസർ പരിശാധന നട​ത്തു​ന്നുണ്ട്. കടുത്ത ജോലികൾ ചെയ്യാൻ കഴിയാത്ത രീതിയിൽ ആരോഗ്യപ്രശ്‌നമുള്ള ജീവനക്കാരെ മെഡിക്കൽ ബോർഡിന്‍റെ കൂടി നിർദേശപ്രകാരം കാറ്റഗറി മാറ്റം നൽകി ഓഫി​സ് ഡൂട്ടിയിലേക്ക് മാറ്റി വിന്യസിക്കും.

ശമ്പളത്തിനായി 100 കോടി ഓവര്‍ഡ്രാഫ്‌റ്റ് എടുക്കുന്നത് വന്‍ ബാധ്യതയെന്ന മുൻ ഗതാഗത ​മന്ത്രിയുടെ പരാമർശത്തിനും മന്ത്രി മറുപടി നല്‍കി. താന്‍ ഒറ്റയ്ക്കെടുത്ത തീരുമാന​മല്ലെന്നും ഒന്നാം തീയതി ശമ്പളം നല്‍കണമെന്നത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ശമ്പളം കൊടുക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. തനിക്ക് ക്രെ​ഡിറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com