''റേഞ്ച് റോവർ കാറിൽ നിൽക്കുന്ന ചിത്രം എഐ''; മാധ‍്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്ന് മന്ത്രി കെ.എം. ഷാജി

തനിക്കെതിരേ പ്രചാരണം ആരംഭിച്ചത് സിപിഎം സൈബർ ടീമാണെന്നും മന്ത്രി ആരോപിച്ചു
minister k.m. shaji car controversy updates

കെ.എം. ഷാജി

Updated on: 

കോഴിക്കോട്: സ്വകാര‍്യ വാഹനങ്ങൾ സർ‌ക്കാർ ആവശ‍്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി. റേഞ്ച് റോവർ യാത്രാ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും മാധ‍്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്‍റെ വില ഗൂഗിളിൽ പരിശോധിച്ചാൽ കിട്ടുന്ന വിവരങ്ങൾ പോലും പരിശോധിക്കാതെയാണ് റിപ്പോർട്ടുകൾ‌ വന്നതെന്നാണ് മന്ത്രി പറയുന്നത്.

അഴീക്കോട് എംഎൽഎയായിരുന്ന കാലത്ത് താൻ ഉപയോഗിച്ചിരുന്നത് ഇതേ വാഹനം തന്നെയായിരുന്നുവെന്ന് മന്ത്രി വ‍്യക്തമാക്കി. റേഞ്ച് റോവർ കാറിൽ നിൽക്കുന്ന ചിത്രം എഐയുടെ സഹായത്തോടെ ആരോ നിർമിച്ചെടുത്തതാണെന്നാണ് മന്ത്രിയുടെ വാദം. സുഹൃത്തിന്‍റെ കാർ ഉപയോഗിച്ചതിൽ തെറ്റില്ലെന്നു പറഞ്ഞ അദ്ദേഹം അത് തെറ്റാണെന്ന് തെളിയിക്കുന്ന നിയമമില്ലെന്ന് കൂട്ടിച്ചേർത്തു.

വാഹനം ഉപയോഗിച്ചതിൽ ധാർമിക പ്രശ്നം ഉണ്ടോയെന്ന കാര‍്യം പരിഗണിക്കുമെന്നും തനിക്കെതിരേ പ്രചാരണം ആരംഭിച്ചത് സിപിഎം സൈബർ ടീമാണെന്നും മന്ത്രി ആരോപിച്ചു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും സർക്കാരിന് ബാധ‍്യത വരുത്തുന്ന ഒന്നും ചെയ്യരുതെന്ന വിചാരത്തോടെയാണ് താൻ പ്രവൃത്തിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഭവം വലിയ വിവാദമായതിനു പിന്നാലെ മന്ത്രി കെ.എം. ഷാജിക്കെതിരേ സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഉടമയ്ക്ക് മന്ത്രി വാഹനം തിരിച്ചുനൽകുകയും ചെയ്തിരുന്നു.

സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിക്കുന്നത് സർക്കാരിന്‍റെ അനുമതിയില്ലാതെയാണെന്നായിരുന്നു പ്രചാരണം. സൗജന‍്യമായി ലഭിച്ച വാഹനമാണെങ്കിൽ പോലും അതിൽ ഔദ‍്യോഗിക ചിഹ്നങ്ങൾ പതിപ്പിച്ച് വാഹനമോടിക്കുന്നത് ധാർമികമല്ലെന്നും മന്ത്രിയുടെ നടപടി സത‍്യപ്രതിജ്ഞാ ലംഘനമാണെന്നുമായിരുന്നു കെ.ടി. ജലീൽ വിമർശിച്ചത്.

logo
Metro Vaartha
www.metrovaartha.com