മൂന്നര വർഷത്തിനിടെ ഒരു നടിയും പരാതി നൽകിയിട്ടില്ല; പരാതി ലഭിച്ചാൽ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ

രണ്ട് മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കും. സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യും.
minister saji cherian
മന്ത്രി സജി ചെറിയാൻ
Updated on

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയത് സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവയ്ക്കണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി മൂന്നര വര്‍ഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ്) പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കും. സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയാല്‍ വായിക്കും. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. വിവരാവകാശ കമ്മീഷനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണ്ട എന്ന് പറഞ്ഞത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടാവില്ല. ഈ കാര്യത്തില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കും.

സിനിമാ മേഖലയില്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. പരാതിയുള്ളവര്‍ക്ക് നല്‍കാവുന്നതാണ്. എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവര്‍ക്കെതിരെ നിര്‍ഭയമായി പരാതി നല്‍കാം. നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.