

മദർ തെരേസ ദിനാചരണം 2026 സംസ്ഥാനതല ഉദ്ഘാടനം കോതമംഗലം പീസ് വാലിയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ അബ്ദുൾ ഗഫൂർ നിർവഹിക്കുന്നു
കോതമംഗലം: എല്ലാ പൊതുസ്ഥലങ്ങളും പൂർണമായും ഭിന്നശേഷി സൗഹൃദമാക്കുന്ന ബാരിയർ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെയും സാമൂഹ്യ നീതി വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ മദർ തെരേസ ദിനാചരണത്തിന്‍റെ സംസ്‌ഥാനതല ഉദ്ഘാടനം കോതമംഗലം നെല്ലിക്കുഴി പീസ് വാലിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കാരുണ്യ പ്രവർത്തനങ്ങളിൽ മദർ തെരേസ കാണിച്ചുതന്ന മാതൃകയാണ് ഇന്നത്തെ ജനാധിപത്യ സർക്കാരുകളുടെ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് പിൻബലം.
ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നവർ നേരിടുന്ന കടുത്ത മാനസിക-സാമൂഹിക പ്രയാസങ്ങൾക്ക് പരിഹാരമായാണ് അൻപുവീട് പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തുടക്കത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ തീരുമാനിച്ച ഈ പദ്ധതി, ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഭിന്നശേഷിക്കുട്ടികളുടെ പരിചാരകർക്ക് നൽകിയിരുന്ന ആശ്വാസധനം 600 രൂപയിൽ നിന്ന് 1000 രൂപയായി വർധിപ്പിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
പ്രമേഹം ബാധിച്ച കുട്ടികൾക്കായി ഇൻസുലിൻ പമ്പുകളും ഉയർന്ന ഗുണനിലവാരമുള്ള ഇൻസുലിൻ സപ്പോർട്ടും നൽകുന്ന പദ്ധതികൾ വകുപ്പ് മുഖേന വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. നിരന്തരമായ മോണിറ്ററിങ് ആവശ്യമായ ഇത്തരം കുട്ടികളുടെ മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ഫണ്ടുകളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുമാത്രം ഇത്തരം ബൃഹത്തായ പദ്ധതികൾ പൂർണ്ണമായി നടപ്പിലാക്കുക പ്രയാസകരമാണ്. അതിനാൽ, സമൂഹത്തിലെ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും പങ്കാളികളാക്കിക്കൊണ്ട് വലിയൊരു സാമൂഹിക മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഷിബു തെക്കുംപുറം എം എൽ എ അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സനീറ നസീർ, വാർഡ് അംഗം ഷാന്‍റി ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജെ. ജോൺ ജോഷി,ഒസി ബിചെയർമാൻ എൻ. അലി അബ്‌ദുളള, റെജി, ഒസിബി അംഗം ഫാ. ജോർജ് ജോഷ്വ, അസോസിയേഷൻ ഓഫ് ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ആന്‍റണി സിജൻ മണുവേലിപ്പറമ്പിൽ, പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.