

ചക്കക്കൊമ്പൻ
തൊടുപുഴ: റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യ സംഘത്തിന്‍റെ ശ്രമത്തിനിടെ രണ്ടു തവണ മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആരോഗ്യവാനാണെന്ന് അധികൃതർ. ആനയ്ക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും ജനുവരിയോടെ ദൗത്യം വീണ്ടും ആരംഭിക്കാനാണ് ശ്രമമെന്നും കോട്ടയം സിസിഎഫ് ഡി.കെ. വിനോദ് കുമാര്‍ പറഞ്ഞു.
മയക്കം മാറിയ ചക്കക്കൊമ്പന്‍റെ നീക്കം വേഗത്തിലാകും. രാത്രിയില്‍ ആനയെ പൂര്‍ണമായി നിരീക്ഷിച്ചിരുന്നു. അരിക്കൊമ്പനേക്കാള്‍ ആരോഗ്യവാനാണ് ചക്കക്കൊമ്പൻ- വിനോദ് കുമാര്‍ പറഞ്ഞു."മിഷൻ ചക്കക്കൊമ്പന്' വെല്ലുവിളി സൃഷ്ടിച്ച പുല്ല് ജനുവരിയോടെ ഉണങ്ങുമെന്നും ദൗത്യത്തിന് അനുകൂല സാഹചര്യം ഒരുങ്ങുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതിനിടെ, ചക്കക്കൊമ്പന്‍ കഴിഞ്ഞ ദിവസം ആനയിറങ്കല്‍ ഡാമിന്‍റെ തീരത്തെ പുതുപ്പരട്ട് ഭാഗത്തെത്തി വെള്ളം കുടിച്ചു. ആനയുടെ ശരീരത്തിൽ രണ്ടു മയക്കുവെടി ഡാർട്ടുകൾ ഇപ്പോഴും കാണാം. ആന ഇതു നീക്കം ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്.