പാട്ടു പാടാമോയെന്ന് മോഹൻലാൽ; പൊട്ടിച്ചിരിച്ച്, കവിത ചൊല്ലി മുഖ്യമന്ത്രി

ജീവിതത്തിൽ ഇന്നു വരെയും തെറ്റായി എന്തെങ്കിലും ചെയ്തതായി തനിക്ക് ബോധ്യമില്ലെന്നും ആരോടും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Mohanlal - chief minister pinarayi vijayan interview song

മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ

Updated on

മുഖ്യമന്ത്രി പിണറായി വിജയനോട് പാട്ടു പാടാമോയെന്ന് ചോദിച്ച് മോഹൻലാൽ. മുഖ്യമന്ത്രിയുമായി മോഹൻലാൽ നടത്തുന്ന അഭിമുഖത്തിനിടെയാണ് ഒന്നിലധികം തവണ മുഖ്യമന്ത്രിയോട് പാട്ടു പാടാമോയെന്ന് മോഹൻലാൽ ചോദിച്ചത്. എന്നാൽ പൊട്ടിച്ചിരിയോടെ ആദ്യം പ്രതികരിച്ചെങ്കിലും അഭിമുഖത്തിന്‍റെ അവസാനം മുഖ്യമന്ത്രി പ്രിയപ്പെട്ട കവിതയുടെ വരികൾ ചൊല്ലി.

ബാല്യകാലം മുതലുള്ള ഓർമകളും ജീവിതാനുഭവങ്ങളുമാണ് ഒരു മണിക്കൂർ നീണ്ടു നിന്ന അഭിമുഖത്തിൽ മുഖ്യമന്ത്രി മോഹൻലാലിനോട് പങ്കു വച്ചത്.

ഇഷ്ടപ്പെട്ട പുസ്തകങ്ങൾ അന്നാ കരേനീനയും പാവങ്ങളും ആണെന്നും ഇഷ്ടപ്പെട്ട സിനിമ മോഹൻലാൽ അഭിനയിച്ച അമൃതം ഗമയ ആണെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. വിയോജിക്കുന്നവരോട് വിദ്വേഷം തോന്നാറില്ലെന്നും അമ്മയുടെ വിയോഗം വലിയ ആത്മസംഘർഷത്തിനിടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതത്തിൽ ഇന്നു വരെയും തെറ്റായി എന്തെങ്കിലും ചെയ്തതായി തനിക്ക് ബോധ്യമില്ലെന്നും ആരോടും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ പതിനാലാമത്തെ മകനാണ് താനെന്നും 11 സഹോദരങ്ങളും ചെറുപ്രായത്തിൽ തന്നെ മരിച്ചു പോയെന്നും പിണറായി പറഞ്ഞു. കുട്ടിക്കാലത്ത് പഠനകാര്യത്തിൽ ജ്യോതിഷൻ ഇടപെട്ടിരുന്നു. എവിടം വരെ തോൽക്കുന്നോ അവിടം വരെ പഠിപ്പിക്കാം എന്നായിരുന്നു ജ്യോതിഷൻ അമ്മയോട് പറഞ്ഞത്. അങ്ങനെ പഠനം തുടരാൻ സാധിച്ചത്. ചെറുപ്പത്തിൽ ഇഷ്ടം ഫുട്ബോളിനോടായിരുന്നു. പിന്നീട് ക്രിക്കറ്റിനോടും താത്പര്യമുണ്ടായി. തന്‍റെയൊപ്പം കളിച്ചിരുന്നവർ സംസ്ഥാന തലത്തിൽ വരെ എത്തിയിരുന്നു. പഴ‍യ സുഹൃത്തുക്കൾ ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും തന്‍റെ സ്വഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉള്ളതു കൊണ്ട് ജീവിക്കാൻ പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ അമ്മ തച്ചോളിപാട്ടുകൾ പാടിത്തരാറുണ്ട്. പിന്നീട് രാമായണവും മറ്റും വായിച്ച് കിട്ടിയ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. കടുപ്പക്കാരനാണെന്ന ഇമേജ് ബ്രാൻഡ് ചെയ്യപ്പെട്ടതാണ്, ക്ഷോഭിച്ച തരത്തിലുള്ള ചിത്രങ്ങൾ മാത്രമേ പ്രചരിപ്പിക്കാറുള്ളൂ. ഇതൊന്നും തന്നെ സ്വാധീനിക്കാറില്ല. ആരോടും ഇക്കാര്യം തിരുത്താനും ആവശ്യപ്പെട്ടിട്ടില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനം ഒരുങ്ങുന്ന സാഹചര്യത്തിലാണ് മോഹൻലാലും മുഖ്യമന്ത്രിയുമായുള്ള അഭിമുഖം പുറത്തു വന്നിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com