

മിണ്ടിയും പറഞ്ഞും മോഹൻലാലും മുഖ്യമന്ത്രിയും; വൈറലായി അഭിമുഖത്തിന്‍റെ ടീസർ|Video
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അപൂർവ അഭിമുഖത്തിന് കാത്ത് മലയാളികൾ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശേഷങ്ങളുമായി പ്രിയ നടൻ മോഹൻലാലാണ് വിഡിയോ അഭിമുഖത്തിലെത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രൊമോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. "മിണ്ടിയും പറഞ്ഞും ഇരുവർ' എന്ന പേരിലെ അഭിമുഖം ഉടൻ സംപ്രേഷണം ചെയ്യും.
മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് മോഹൻലാൽ അഭിമുഖത്തിന്‍റെ ഭാഗമായതെന്നാണ് വിവരം. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ അഭിമുഖത്തിൽ മുഖ്യമന്ത്രി മോഹൻലാലിനൊപ്പം ക്ലിഫ് ഹൗസ് വളപ്പിൽ നടക്കുന്നതും നായയെ കളിപ്പിക്കുന്നതുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയജീവിതം, സർക്കാരിന്‍റെ പ്രവർത്തനങ്ങൾ, സിനിമ, ഇഷ്ടാനിഷ്ടങ്ങൾ, അനുഭവങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ലാൽ ചോദിക്കുന്നത്.
പിണറായി വിജയനുമായി അടുത്ത സൗഹൃദമുള്ള മോഹൻലാൽ തിരുവനന്തപുരത്തെത്തുമ്പോൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താറുണ്ട്. അത്തരത്തിലെ സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി അഭിമുഖത്തിന്‍റെ കാര്യം ലാലിനോട് സൂചിപ്പിച്ചത്. മോഹൻലാൽ തയാറാണെന്ന് അറിയിച്ചതോടെ അടുത്ത ദിവസം ചിത്രീകരണം നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് തയാറാക്കിയ വിവരങ്ങൾ തന്നെയാണ് ചോദ്യങ്ങളായി എത്തിയതെന്നാണ് റിപ്പോർട്ട്. മുൻപ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മോഹൻലാൽ അഭിമുഖം നടത്തിയിരുന്നു.