വീണു കിട്ടിയ എടിഎം ഉപയോഗിച്ച് 25,000 രൂപ പിൻവലിച്ചു; ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റിൽ
വീണു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് 25,000 രൂപ പിൻവലിച്ചു; ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റിൽ
ആലപ്പുഴ: വഴിയിൽ കളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്ന് പണം എടുത്ത കേസിൽ ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റിൽ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ മോർച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) ഇവരുടെ സഹായി കല്ലിശേരി ലക്ഷ്മി നിവാസിൽ സലിഷ് മോൻ (46) എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്‍റെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് നടപടി സ്വീകരിച്ചത്.
മാർച്ച് 14ന് കല്ലിശേരി സ്വകാര്യ ആശുപത്രിയിൽ എത്തി മടങ്ങുന്നതിനിടെയാണ് വിനോദിന്‍റെ എടിഎം കാർഡ് ഉൾപ്പെടെയുള്ള പഴ്സ് നഷ്ടപ്പെട്ടത്. എടിഎം കാർഡിനൊപ്പം പിൻ നമ്പറും എഴുതി സൂക്ഷിച്ചിരുന്നു. വഴിയിൽ നിന്ന് ഈ പഴ്സ് ലഭിച്ച സലീഷ് ഇക്കാര്യം സുജന്യയെ അറിയിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ ഇരുവരും ബുധനുർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്നായി ആകെ 25,000 രൂപ പിൻവലിച്ചു. പിന്നീട് കാർഡ് കല്ലിശേരി റെയിൽവേ മേൽപ്പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.
പണം പിൻവലിച്ചതായി അറിയിച്ചു കൊണ്ടുള്ള സന്ദേശം മൊബൈലിൽ ലഭിച്ചതിനു പിന്നാലെയാണ് വിനോദ് പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സലിഷും സുജന്യയുമാണ് പണം പിൻവലിച്ചതെന്ന് വ്യക്തമായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.