സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ എണ്ണം കൂട്ടും: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: പ്രീമിയം ബസുകൾ ലാഭത്തിലാണ് ഓടുന്നതെന്നും സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ എണ്ണം കൂട്ടുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പുതുതായി 150 ബസുകൾ വാങ്ങും. ഇതിൽ 100 എണ്ണം സൂപ്പർ ഫാസ്റ്റും 50 എണ്ണം ഫാസ്റ്റ് ബസുകളുമായിരിക്കും. 200 മിനി ബസുകളും വാങ്ങിയേക്കും. ഫണ്ട് ലഭ്യമായാൽ ഉടൻ ബസുകൾ വാങ്ങുമെന്നും 93 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ഇ- ബസുകൾ നഷ്ടമില്ലാതെയാണ് ഇപ്പോൾ ഓടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറ്റിസൺ ആപ് വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനങ്ങൾ ജനങ്ങൾക്ക് ആപ് വഴി അറിയിക്കാം. ഇന്ത്യയിൽ ആപ് നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലേ സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. നിയമം തെറ്റിച്ച് വാഹനത്തിന്‍റെ നമ്പറും ഇതിലുണ്ടാകണം. മോട്ടോര്‍ വാഹന വകുപ്പ് ഇത് പരിശോധിച്ച് ബന്ധപ്പെട്ട വ്യക്തിക്ക് പിഴ ചുമത്തുന്നതിന് ഇ -ചലാന്‍ തയ്യാറാക്കി അയക്കും. ശബരിമല തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം സജ്ജമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഡ്രൈവർമാരുടെ കുറവുണ്ട്. പരിചയ സമ്പന്നരായ ഡ്രൈവർമാരെ വിനിയോഗിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം: മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പാലക്കാട് ഇടതുപക്ഷം വന്‍ഭൂരിപക്ഷത്തോടെ ജയിക്കും. ഇടതുപക്ഷത്തിന്‍റെ മതേതര നിലപാടിനൊപ്പമാണ് ജനങ്ങള്‍. ആര്‍ക്കാണ് ജനങ്ങളെ സഹായിക്കാന്‍ കഴിയുക എന്നത് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.വയനാട്ടുകാര്‍ക്ക് എംപിയെ കാണാന്‍ ഡൽഹിക്ക് പോകേണ്ടി വരരുത്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന എംപി വേണോ അല്ലാത്ത ആള്‍ വേണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.