
എം.ആർ. അജിത് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനം
തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാനം. മുപ്പത് വർഷം സർവീസും ഡിജിപി റാങ്കും ഉളളവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന യുപിഎസ്‌സി നിലപാടിനെതിരേയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്രത്തിനു കത്തയച്ചത്.
നിലവിൽ ആറ് പേരുടെ പട്ടികയാണ് പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയിട്ടുള്ളത്. നിതിൻ അഗര്‍വാള്‍, റവദ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
എന്നാൽ, സുരേഷ് രാജ് പുരോഹിതിനും എം.ആർ. അജിത് കുമാറിനും മുപ്പത് വർഷ സർവീസും ഡിജിപി റാങ്കുമില്ല. അതിനാൽ ഇവരെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധിക്കില്ലെന്നാണ് യുപിഎസ്‌സി അറിയിച്ചത്.
ഇരുവരെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും, മുൻപും എഡിജിപി റാങ്കുളളവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം മറുപടിയായി അയച്ച കത്തിൽ വ്യക്തമാക്കി. അനില്‍ കാന്ത് സംസ്ഥാന പൊലീസ് മേധാവിയായപ്പോള്‍ അദ്ദേഹത്തിന് എഡിജിപി റാങ്കായിരുന്നു എന്നതും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.