ഭൂതത്താൻകെട്ടിൽ ആവേശമായി ‘മഡ് റേസ്’

വി12 കിങ് ഓഫ് ഡേർട്ട്, വി12 എസ്‌യുവി ട്രെയിൽസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
Mud Race’ Creates a Buzz at Bhoothathankettu

ഭൂതത്താൻകെട്ടിൽ ആവേശമായി ‘മഡ് റേസ്’

Updated on

കോതമംഗലം: ‘പൊളിഓണം 2026’ ന്‍റെ ഭാഗമായി ഭൂതത്താൻകെട്ടിൽ നടന്ന ‘ജെൻസി റേസ്’ മഡ് റേസ് ഓഫ് റോഡ് പ്രേമികൾക്കും കാണികൾക്കും ആവേശമായി. വിവിധ വിഭാഗങ്ങളിലായി നൂറോളം വാഹനങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. വി12 റേസ് സൊല്യൂഷൻസ് ആണ് മത്സരം സംഘടിപ്പിച്ചത്.

വി12 കിങ് ഓഫ് ഡേർട്ട്, വി12 എസ്‌യുവി ട്രെയിൽസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഡീസൽ മോഡിഫൈഡ്, പെട്രോൾ മോഡിഫൈഡ്, ഓപ്പൺ കാറ്റഗറി, എക്സ്പർട്ട് ക്ലാസ്, ലേഡീസ് ഓപ്പൺ എന്നിവയായിരുന്നു കിങ് ഓഫ് ഡേർട്ട് വിഭാഗത്തിലെ മത്സരങ്ങൾ. എസ്‌യുവി ട്രെയിൽസ് വിഭാഗത്തിൽ ജിംനി സ്റ്റോക്ക്, ജിംനി മോഡിഫൈഡ്, താർ സ്റ്റോക്ക്, താർ മോഡിഫൈഡ്, 2600 സിസി വരെയുള്ള വാഹനങ്ങൾ, 2600 സിസിക്ക് മുകളിലുള്ള വാഹനങ്ങൾ, പജീറോ ഓപ്പൺ, വി12 ഓപ്പൺ എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ നടന്നു. വനിതകൾക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിരുന്നു.

ചെളിയും കയറ്റിറക്കങ്ങളും ഉൾപ്പെടെയുള്ള ദുർഘട പാതകളിലൂടെ വാഹനങ്ങളുടെ കരുത്തും ഡ്രൈവിങ് മികവും പരീക്ഷിച്ച മത്സരം കാണികൾക്ക് ആവേശകരമായ കാഴ്ചയായി.

തിങ്കൾ രാവിലെ 11ന് ഭൂതത്താൻകെട്ടിലെ വാച്ച് ടവർ തുറക്കുന്നതിന്‍റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കും. ഭൂതത്താൻകെട്ടി ന്‍റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതി ന്‍റെ ഭാഗമായാണ് വാച്ച് ടവർ തുറന്നുകൊടുക്കുന്നത്.

ഉച്ചയ്ക്ക് 12ന് വടാട്ടുപാറയിൽ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. പ്രദേശത്തെ ജനങ്ങൾക്ക് റേഷൻ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന റേഷൻ കട ഒരുക്കിയിരിക്കുന്നത്.

‘പൊളിഓണം 2026’ ന്‍റെ ഭാഗമായി നടന്ന ആവേശകരമായ മഡ് റേസിനൊപ്പം തിങ്കളാഴ്ച നടക്കുന്ന വാച്ച് ടവർ തുറക്കുന്നതി ന്‍റെ ഉദ്ഘാടനവും സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനവും കോതമംഗലത്തെ ആഘോഷങ്ങൾക്ക് കൂടുതൽ വൈവിധ്യം പകരും.

logo
Metro Vaartha
www.metrovaartha.com