തീരാവേദനയായി 330 പേർ, വയനാട് ദുരന്തത്തിന് രണ്ടാണ്ട്

മഹാദുരന്തം നടന്ന് രണ്ട് വർഷം പിന്നിടുമ്പോളും ബാക്കിയായ മനുഷ്യരുടെ നെഞ്ചിലെ മുറിവ് ഉണങ്ങിയിട്ടില്ല
mundakkai chooralmala landslide two year

തീരാവേദനയായി 330 പേർ, വയനാട് ദുരന്തത്തിന് രണ്ടാണ്ട്

Updated on

കുത്തിയൊലിച്ചുവന്ന ആ മലവെള്ളത്തിൽ മൂന്ന് ഗ്രാമങ്ങൾ മുങ്ങിപ്പോയിട്ട് രണ്ടു വർഷം. നൂറു കണക്കിനു പേരുടെ ജീവനും ജീവിതവും തട്ടിയെടുത്ത ആ കറുത്ത രാത്രി ഇന്നും മലയാളികളുടെ മനസിൽ തീയാണ്. 298 പേരാണ് ചുരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചത് എന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി പ്രഖ്യാപിച്ചു. മഹാദുരന്തം നടന്ന് രണ്ട് വർഷം പിന്നിടുമ്പോളും ബാക്കിയായ മനുഷ്യരുടെ നെഞ്ചിലെ മുറിവ് ഉണങ്ങിയിട്ടില്ല.

പുഞ്ചിരിമട്ടത്തു നിന്ന് പൊട്ടിയിറങ്ങിയ ഉരുൾ മുണ്ടക്കൈയും ചൂരൽമലയും കവർന്നെടുത്തു. വീടിന്‍റെ സുരക്ഷിതത്വത്തിൽ സ്വസ്ഥമായി കിടന്നുറങ്ങിയവർ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ മുങ്ങിപ്പോയി. പലരും ഉറക്കത്തിൽ നിന്ന് കണ്ണുതുറന്നത് ഈ ദുരന്തത്തിലേക്കായിരുന്നു. അപ്പോഴേക്കും പലർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിരുന്നു. ഉരുൾപൊട്ടൽ കവർന്ന പലരുടേയും മൃതദേഹങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറമാണ് അടിഞ്ഞത്. പൂർണമായി മണ്ണിൽ അകപ്പെട്ടുപോയവരും നിരവധി. ഒറ്റ രാത്രിയിൽ പലർക്കും ഇതുവരെ സമ്പാദിച്ചതെല്ലാം നഷ്ടമായി. തലചായ്ക്കാൻ ഒരു വീടോ ചേർത്തുപിടിക്കാൻ പ്രിയപ്പെട്ടവരോ ഇല്ലാതായിപ്പോയവർ നിരവധിയാണ്. രണ്ട് വർഷങ്ങൾക്കിപ്പുറം അവർ പതിയെ ജീവിച്ചുതുടങ്ങുകയാണ്.

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ താമസമാക്കിയ 178 കുടുംബങ്ങള്‍ സുരക്ഷിത ജീവിതം ആരംഭിച്ചു. ബാക്കിയുള്ള ദുരന്തബാധിതര്‍ക്കും എത്രയും വേഗം സ്ഥിരം പുനരധിവാസം ഉറപ്പാക്കണം എന്ന ആവശ്യം ശക്തമാണ്. ദുരന്തം എടുത്തവർക്കായി ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും ചേര്‍ന്ന് പുത്തുമലയിലെ ഹൃദയഭൂമിയില്‍ അനുസ്മരണവും പ്രാര്‍ത്ഥനയും സംഘടിപ്പിക്കും. ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍, അതിജീവിതര്‍, കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

logo
Metro Vaartha
www.metrovaartha.com