

മയക്കുവെടിയേറ്റിട്ടും മയങ്ങിയില്ല; വെള്ളത്തിലിറങ്ങിയ ചക്കകൊമ്പൻ നീന്തി മറുകരയ്ക്ക് കയറി
മൂന്നാർ: മയക്കുവെടിയേറ്റതിനു പിന്നാലെ ജലാശയത്തിലിറങ്ങിയ ചക്കകൊമ്പൻ നീന്തി മറുകരയിൽ കയറി. ജലാശയത്തിലിറങ്ങിയ ആനയെ ബോട്ടിലെത്തി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കരയ്ക്കു കയറ്റിയത്.
മൂന്നു മണിയോടെയാണ് ഫസ്റ്റ് ഡോസ് മയക്കുവെടിവച്ചത്. വെടികൊണ്ട ആന അൽപനേരം അനങ്ങാതെ നിന്നശേഷം ഈട്ടിമലഭാഗത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ആന അണക്കെട്ടിലേക്ക് ഇറങ്ങുകയായിരുന്നു.
മയങ്ങിയാൽ അടുത്ത ഡോസ് നൽകി റേഡിയോ കോളർ ധരിപ്പിക്കാനായിരുന്നു നീക്കം. അതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ജലാശയത്തിൽ വച്ച് ആന മയങ്ങിയാൽ ജീവന് വരെ അപകടമായേനെ. ആന മറുകരയ്ക്കെത്തി കാട്ടിലേക്ക് കയറിയിട്ടുണ്ട്. ദൗത്യം താത്ക്കാലികമായി ഉപേക്ഷിക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.