

നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവം; അമ്മയ്ക്കെതിരേ വധശ്രമത്തിന് കേസ്
file image
ആലപ്പുഴ: നവജാത ശിശുവിനെ വലിച്ചെറിഞ്ഞതിന് 19കാരിയായ അമ്മയ്ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. അവിവാഹിതയായ പെൺകുട്ടി കടുത്ത വയറു വേദനയെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
പ്രാഥമിക പരിശോധനയിൽ തന്നെ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്റ്റർമാർക്ക് സംശയമുണ്ടായിരുന്നുവെങ്കിലും പെൺകുട്ടി ഇക്കാര‍്യം നിരസിക്കുകയായിരുന്നു.
വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. ഇതിനു പിന്നാലെ പെൺകുട്ടി ശുചിമുറിക്കകത്ത് പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.
നിലവിൽ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ന‍്യൂ ബോൺ ഐസിയുവിലാണ് കുട്ടി. കുഞ്ഞിന്‍റെ ആരോഗ‍്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ വീയപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.