
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: ശിക്ഷാവിധി ഉടൻ
കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷാവിധി ഉടൻ. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്താം പ്രതി പ്രകാശനെ കോടതി വെറുതെവിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരൻ മനോരജ് നാരായണൻ, ടി.പി. കേസ് പ്രതി ടി.കെ. രാജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രം.
28 സാക്ഷികളെ കേസിൽ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 12 സിപിഎം പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ 2 പ്രതികൾ സംഭവശേഷം മരിച്ചു.
2005 ഓഗസ്റ്റിലാണ് കൊലപാതകം നടക്കുന്നത്. രാവിലെ 8 മണിയോടെ ഓട്ടോയിലെത്തിയ സംഘം രാഷ്ട്രീയ വിരോധത്താൽ സൂരജിനെ ബോംബെറിഞ്ഞ ശേഷം കൊല്ലുകയായിരുന്നെന്നാണ് കേസ്.