

എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ ചാർട്ടേഡ് വിമാനയാത്രയിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരുടെ സ്പോൺസർഷിപ്പിലാണ് മംഗലാപ്പുരത്തേക്കും മലപ്പുറത്തേക്കും പോയതെന്ന് വ‍്യക്തമാക്കാൻ മുഖ‍്യമന്ത്രി തയാറാകണമെന്ന് അദ്ദേഹം ആവശ‍്യപ്പെട്ടു.
വിമാനങ്ങൾ നൽകുന്നത് ആരാണെന്ന് മുഖ‍്യമന്ത്രി പറയുന്നില്ലെന്നും ഇതൊരു മുഖ‍്യമന്ത്രിക്ക് ചേരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ പ്രതിപക്ഷം ശക്തമായി എതിർക്കുമെന്ന് വ‍്യക്തമാക്കിയ ഗോവിന്ദൻ മുതലാളിമാരുടെ സൗജന‍്യത്തിൽ യാത്ര നടത്തുന്നത് തുടരുമെന്ന മുഖ‍്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് കൂട്ടിച്ചേർത്തു.
മന്ത്രിമാർ ഇതേ നിലപാട് സ്വീകരിച്ചാൽ ഉദ‍്യോഗസ്ഥരും ഇതുതന്നെ ആവർത്തിക്കുമെന്നും അങ്ങനെവന്നാൽ അഴിമതിക്കളമായി സംസ്ഥാനം മാറുമെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ മലയാളിയായ പരിചയക്കാരനാണ് തനിക്ക് വിമാനം ഒരുക്കിയതെന്നും അദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്തേണ്ട ആവശ‍്യമില്ലെന്നുമാണ് മുഖ‍്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മുൻ മുഖ‍്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ സ്വകാര‍്യ വ‍്യക്തികളുടെ ഹെലികോപ്റ്ററുകളിലും മറ്റും നിരവധി തവണ യാത്ര നടത്തിയിട്ടുണ്ടെന്നും മുഖ‍്യമന്ത്രി പറഞ്ഞിരുന്നു.