

നവകേരള സർവേയ്ക്കായി അനുവദിച്ചത് 20 കോടി, ചെലവാക്കിയത് 13.04 കോടി; കണക്ക് പുറത്തുവിട്ട് സർക്കാർ
ന്യൂഡൽഹി: നവകേരള സർവേയ്ക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 13 കോടി രൂപ. സുപ്രീംകോടതിയിൽ സമർപ്പിച്ച സർക്കാർ സത്യവാങ്മൂലത്തിലാണ് കണക്ക് വ്യക്തമാക്കിയത്.
20 കോടി രൂപയാണ് സർവേയ്ക്കുവേണ്ടി സർക്കാർ അനുവദിച്ചത്. ഇതിൽ 13.04 കോടി രൂപയാണ് ചെലവഴിച്ചത്. നവകേരള സർവേയുടെ ബ്രോഷറിന് മാത്രം 5.54 കോടിരൂപ ചെലവായി. കത്തിന് ഒരു കോടി രൂപയും വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടിരൂപയും ചെലവായിട്ടുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നവകേരള സർവേ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സർവേ ധൂർത്താണെന്നായിരുന്നു ആരോപണം. തുടർന്ന് പൊതുജനത്തിന്‍റെ പണം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് സർവേക്കെതിരേ സുപ്രീം കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടു. എന്നാൽ, ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തി എന്ന് അറിയുന്നതിനായി സർക്കാർ സർവേ നടത്തുന്നതിൽ തെറ്റില്ലെന്നായിരുന്നു കോടതി വിലയിരുത്തിയത്. കൂടാതെ, ചെലവായ പണത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കോടതിയിൽ കണക്ക് സംബന്ധിച്ച സത്യവാങ്മൂലം നൽകിയത്.