മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

നിലവിൽ രണ്ട് എംഎൽഎമാരുള്ള എൻസിപിയിൽ എലത്തൂർ എംഎൽഎയായ എ.കെ. ശശീന്ദ്രനാണ് വനം മന്ത്രിയാകാൻ അവസരം ലഭിച്ചത്.
മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു. മുൻ ധാരണ പ്രകാരം രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിയാമെന്ന കരാർ എ.കെ ശശീന്ദ്രൻ പാലിക്കുന്നില്ലെന്നും തന്‍റെ ഔദാര്യത്തിലാണ് അദ്ദേഹം മന്ത്രിയായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി തോമസ് കെ. തോമസ് എംഎൽഎ രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശിയ നേതൃത്വം മുൻകൈയെടുത്ത് ഉണ്ടാക്കിയ കരാർ പാലിച്ചേ മതിയാകൂവെന്നാണ് തോമസ് കെ. തോമസിന്‍റെ ആവശ്യം.

രണ്ടരവർഷം കഴിയുമ്പോൾ എ.കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാമെന്ന കരാർ ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന എ.കെ.ശശീന്ദ്രൻ മന്ത്രിയായി തുടരണോ എന്ന് സ്വയം തീരുമാനിക്കണം.കുട്ടനാട്ടിൽ നിന്ന് താൻ കൂടി ജയിച്ചത് കൊണ്ടാണ് മന്ത്രിസ്ഥാനം കിട്ടിയത്. ഒറ്റ എം.എൽ.എ മാത്രമായിരുന്നെങ്കിൽ രണ്ടരവർഷമേ കിട്ടുകയുള്ളു. തോമസ് കെ. തോമസിന്‍റെ ഔദാര്യത്തിലാണ് മന്ത്രിയായിരിക്കുന്നതെന്ന് ശശീന്ദ്രൻ ഓർക്കണം. തന്‍റെ ആവശ്യത്തിൽ എന്‍സിപി കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത്. കരാറുണ്ടോ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കട്ടെ. കോൺഗ്രസ് വിട്ട് എൻസിപിയിലേക്ക് വന്ന് സംസ്ഥാന അധ്യക്ഷനായ പി.സി. ചാക്കോയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും തോമസ് കെ. തോമസ് കുറ്റപ്പെടുത്തി.

അതേസമയം, തോമസ് .കെ തോമസിന്‍റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കകത്ത് ആവശ്യം ഉന്നയിച്ചതായും അറിയില്ല. സിപിഎം എന്തെങ്കിലും ഉറപ്പ് നല്‍കിയെങ്കില്‍ ചോദിക്കേണ്ടത് സിപിഎമ്മിനോടാണ്. മന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണെന്നും ശശീന്ദ്രൻ പറഞ്ഞു.

നിലവിൽ രണ്ട് എംഎൽഎമാരുള്ള എൻസിപിയിൽ എലത്തൂർ എംഎൽഎയായ എ.കെ. ശശീന്ദ്രനാണ് വനം മന്ത്രിയാകാൻ അവസരം ലഭിച്ചത്. പാർട്ടി നേതൃത്വത്തിന്‍റെ നിർദേശത്തിലായിരുന്നു ശശീന്ദ്രൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, രണ്ടര വർഷത്തിന് ശേഷം തന്നെ മന്ത്രിയാക്കാമെന്ന് പാർട്ടി നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം വിഷയം ചർച്ച ചെയ്യാമെന്നായിരുന്നു എൽഡിഎഫ് നേതൃത്വം നൽകിയ ഉറപ്പ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും ആവശ്യം ഉന്നയിച്ച് തോമസ് കെ. തോമസ് പാർട്ടിയിൽ പടയൊരുക്കമാരംഭിച്ചിരിക്കുന്നത്. അതിനിടെ രാജ്യസഭാ സീറ്റ് ആവശ്യം മുന്നോട്ട് വച്ച എൻസിപി എൽഡിഎഫിന് കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സീറ്റ് ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന നിലപാടിലാണ് മന്ത്രി എ.കെ. ശശീന്ദ്രൻ.

വിവാദമായ സോളാര്‍ സമരത്തില്‍ എല്ലാ ഘടകകക്ഷികളും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും ശശീന്ദ്രൻ പ്രതികരിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നത് എല്ലാ ഘടകകക്ഷികളും അറിഞ്ഞായിരിക്കണമെന്നില്ല. ശേഷം ഘടകകക്ഷികളെ അറിയിക്കും. പിന്നീടാണ് തീരുമാനമെടുക്കുക. എല്ലാ സമരങ്ങളും ഒത്തുതീര്‍പ്പിലൂടെ തന്നെയാണ് അവസാനിക്കുന്നത്. ആവശ്യങ്ങളെല്ലാം അംഗീകരിക്കണമെന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റും ഇടതുമുന്നണി നേടില്ല. എന്നാല്‍, അഭിമാനകരമായ തലയുയര്‍ത്തിപ്പിടിക്കാവുന്ന വിജയം ഉണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com