
എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ്
ന്യൂഡൽഹി: കേരളത്തിലെ എൻസിപി എംഎൽഎമാർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്‍റ് പ്രഫുൽ പട്ടേൽ. മന്ത്രി എ.കെ. ശശീന്ദ്രൻ, എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് കെ. തോമസ് എന്നിവർ ശരദ് പവാറിനെ പിന്തുണയ്ക്കുന്നതാണ് അജിത് പവാർ വിഭാഗത്തെ ചൊടിപ്പിക്കുന്നത്. പാർട്ടി വിരുദ്ധനടപടികൾ കണ്ടെത്തിയതിനാൽ ശശീന്ദ്രനെയും തോമസ് കെ.തോമസിനെയും ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തുവെന്നും ഇരുവരും ഉടൻ പദവി രാജി വയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എൻസിപി പിളർന്ന് ശരദ് പവാർ ,അജിത് പവാർ വിഭാഗങ്ങളായി മാറിയ സാഹചര്യത്തിലാണ് പുതിയ നീക്കം. അജിത് പവാറിനെതിരേയാണ് തെരഞ്ഞെടുപ്പു കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച് ക്ലോക്ക് ചിഹ്നം നൽകിയിരിക്കുന്നത്. തോമസ് കെ. തോമസും ശശീന്ദ്രനും ശരദ് പവാർ വിഭാഗത്തിനൊപ്പമാണ്. എന്നാൽ ഇരുവരും ക്ലോക്ക് ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചതെന്നാണ് പ്രഫുൽ പട്ടേൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മെയ് 31നുള്ളിൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരോടും പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇരുവരും ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നും രാജി വയ്ക്കാത്ത പക്ഷം ഇരുവരെയും അയോഗ്യരാക്കാൻ നീക്കം നടത്തുമെന്നും പ്രഫുൽ പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്.