അഞ്ജലി നായർ എന്നല്ല, പി.വി. അഞ്ജലി എന്നു തന്നെ: വോട്ടിങ് യന്ത്രത്തിലെ പേര് മാറ്റാനാവില്ല

തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തിൽ ഇനി സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താനാവില്ലെന്ന് വരണാധികാരി വ്യക്തമാക്കി
nda candidate anjali nair name change

അഞ്ജലി നായർ

Updated on

തൃപ്പൂണിത്തുറ: വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും തന്‍റെ പേര് മറ്റണമെന്ന തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ അപേക്ഷ തള്ള വരണാധികാരി. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തിൽ ഇനി സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താനാവില്ലെന്ന് വരണാധികാരി വ്യക്തമാക്കി. നിലവിൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പി.വി. അഞ്ജലി എന്ന പേര് തന്നെ തെരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടത്തിലും തുടരും.

മാർച്ച് 28ന് നടന്ന കരട് ബാലറ്റ് പരിശോധനയിൽ സ്ഥാനാർഥിയോ പ്രതിനിധിയോ എതിർപ്പുകൾ അറിയിച്ചിട്ടില്ല. വോട്ടിങ് പ്രക്രിയ മാർച്ച് 30ന് തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹോം വോട്ടിങ് ആരംഭിച്ചതിന്‍റെ പിറ്റേന്ന് മാർച്ച് 31ന് മാത്രമാണ് സ്ഥാനാർഥി പേരു മാറ്റുന്നതിന് രേഖാമൂലം അപേക്ഷ നൽകിയത്. ബാലറ്റിലെ ചിഹ്നങ്ങളിൽ മാറ്റം വരുത്തിയാൽ ഒരേ മണ്ഡലത്തിൽ തന്നെ രണ്ടു തരത്തിലുള്ള ബാലറ്റ് പേപ്പറുകൾ ഉണ്ടാകുന്നതിന് കാരണമാകും. ഇതിൽ മാറ്റം വരുത്തണമെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വോട്ടിങ് പ്രക്രിയ നിർത്തിവയ്ക്കുകയും പോസ്റ്റൽ ബാലറ്റുകൾ തിരികെ വിളിക്കുകയും വോട്ടിങ് യന്ത്രങ്ങള്‍ പുനഃക്രമീകരിക്കുകയും വേണം. അത് അസാധ്യമാണെന്നും വരണാധികാരി വ്യക്തമാക്കി.

ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തിലും സ്ഥാനാർഥിയുടെ പേരും ചിഹ്നവും ചിത്രവുമുണ്ട്. അതുകൊണ്ടു വോട്ടർമാർക്ക് ഇവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവില്ല. അഞ്ജലി പി.വി. അല്ലാതെ മറ്റൊരു അഞ്ജലി സ്ഥാനാർഥി പട്ടികയിൽ ഇല്ലെന്നും വരണാധികാരി ഉത്തരവിൽ പറയുന്നു.

സിനിമയിലും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും 'അഞ്ജലി നായർ' എന്നാണ്. അതേ പേര് ബാലറ്റിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സ്ഥാനാർഥിയുടെ ആവശ്യം. ഔദ്യോഗിക രേഖകളിലെ പേരായ 'അഞ്ജലി പി.വി.' എന്നത് വോട്ടർമാർക്കിടയിൽ പരിചിതമല്ലെന്നും ഇത് തനിക്ക് ലഭിക്കേണ്ട വോട്ടുകൾ കുറയാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അവർ അധികൃതരെ സമീപിച്ചത്. ഈ വിഷയത്തിൽ നേരത്തെ അഞ്ജലി നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്ഥാനാർഥിയുടെ ഭാഗം കേട്ടശേഷം ഉചിതമായ തീരുമാനമെടുക്കാൻ വരണാധികാരിയോട് കോടതി നിർദേശിച്ചതിനെത്തുടർന്നാണ് വിശദമായ പരിശോധന നടന്നത്.

logo
Metro Vaartha
www.metrovaartha.com