
തിരുവനന്തപുരം: ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചുപോയ, മൂന്നാഴ്ച മാത്രം പ്രായമായ കുഞ്ഞിന്‍റെ ചികിത്സാ മേൽനോട്ടത്തിന് വിദഗ്ധ ഡോക്റ്റർമാരടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷായുടെ ഏകോപനത്തിൽ പീഡിയാട്രീഷ്യൻ ഡോ. വിജിയുടെ നേതൃത്വത്തിലുള്ളതാണ് മെഡിക്കൽ ബോർഡ്.
കുഞ്ഞിന്‍റെ പ്രത്യേക പരിചരണത്തിന് ന്യൂബോൺ കെയറിലെ നഴ്സുമാരെ നിയോഗിച്ചിട്ടുണ്ട്. കുഞ്ഞിന് മുലപ്പാൽ ബാങ്കിൽ നിന്നും മുലപ്പാൽ ലഭ്യമാക്കിവരുന്നു. കുഞ്ഞ് ഇപ്പോഴും ഓക്സിജൻ സപ്പോർട്ടിലാണ്. തലയിൽ ചെറിയ രക്തസ്രാവമുണ്ട്. കുട്ടിക്ക് ഒരു മാസത്തോളം തീവ്രപരിചരണം വേണ്ടിവരും.
കുഞ്ഞിന്‍റെ സംരക്ഷണം വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സിച്ചതിന് ചെലവായ തുക ആരോഗ്യ ഡയറക്റ്റർ നിശ്ചയിക്കുന്ന പ്രകാരം വനിതാ ശിശുവികസന വകുപ്പിന്‍റെ ബാലനിധിയിലൂടെ അനുവദിക്കും.