
സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് ഇളവു നൽകാൻ കഴിയില്ലെന്നും എല്ലാം ജനങ്ങളുടെ സുരക്ഷയെ കരുതി മാത്രമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതിനായി നിർദേശം നൽകാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഗുജറാത്തിലെ പടക്ക നിർമാണ ശാലയിൽ വെടിക്കെട്ട് അപകടമുണ്ടായത്.
അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവു നൽകുന്നത് ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളുമെല്ലാം ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. അല്ലാതെ വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഭക്തരും ആസ്വാദകരും സഹകരിച്ച് അച്ചടക്കത്തോടെ പൂരം കൊണ്ടു പോകാൻ സാധിച്ചാൽ വരും കൊല്ലങ്ങളിൽ കൂടുതൽ ഇളവുകൾ നേടാൻ സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങൾക്കൊന്നും തടസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.