
പുലിപ്പല്ല് കേസിൽ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്ന ധാരണയിൽ വനം വകുപ്പ്
കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്ന ധാരണയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ. വനം മന്ത്രിയുടെ നിലപാട് സേനയുടെ വീര്യം കെടുത്തിയെന്നും, കൈയടിക്കു വേണ്ടിയുള്ള നിലപാട് മാറ്റമായിരുന്നു വനം മന്ത്രിയുടേതെന്നും ഉദ്യോഗസ്ഥർക്കിടയിൽ വിമർശനമുയരുന്നുണ്ട്.
പൊതു സമൂഹത്തിന്‍റെ താത്പര്യം മാനിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും, സുരേഷ് ഗോപിയോടും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനുമാവാമെന്നുമായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍റെ പ്രതികരണം.
അതേസമയം, വേടന്‍റെ കേസ് അനാവശ്യമായി പെരുപ്പിച്ചുകാട്ടിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ അടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് മന്ത്രി ഫേസ്ബുക്കിലും കുറിച്ചിരുന്നു.