സുകുമാരൻ നായർക്കെതിരേ നിയമപോരാട്ടത്തിനില്ല; വിമർശനം തുടരും: ഗണേഷ് കുമാർ

എൻഎസ്എസിന്‍റെ പ്രവർത്തനത്തിൽ പരാതിയുണ്ടെങ്കിൽ നിയമപരമായ മാർഗം സ്വീകരിക്കണമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാർ
k.b. ganesh kumar

കെ.ബി. ഗണേഷ് കുമാർ

file image

Updated on

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ നിയമപോരാട്ടത്തിന് തനിക്ക് ഉദ്ദേശ്യമില്ലെന്നും ആരോപണങ്ങൾ ജനകീയ കോടതിയിൽ ഉന്നയിക്കുമെന്നും കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ് കുമാർ. സുകുമാരൻ നായരെ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുക എന്നതല്ല തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസിന്‍റെ പ്രവർത്തനത്തിൽ പരാതിയുണ്ടെങ്കിൽ നിയമപരമായ മാർഗം സ്വീകരിക്കണമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാർ.

“ഞാൻ കേസ് കൊടുക്കില്ല. എനിക്ക് പറയാനുള്ളത് ജനകീയ കോടതിയിൽ പറയും”- ഗണേഷ് കുമാർ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ നടത്തിപ്പിനെ ചോദ്യം ചെയ്ത ഗണേഷ് കുമാർ ചില നിയമനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ആരോപണങ്ങളും ഉന്നയിച്ചു. എൻഎസ്‌എസിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ സുകുമാരൻ നായരുടെ ബന്ധുക്കളെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു. ഒരു ബാങ്കുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകളിലും നേരത്തെ എൻഎസ്എസിന്‍റെ ഉടമസ്ഥതയിലായിരുന്ന തമിഴ്നാട്ടിലെ ഒരു കോളെജിന്‍റെ നിലവിലെ ഉടമസ്ഥത സംബന്ധിച്ചും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു. താൻ അധ്യക്ഷനായിരുന്ന എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടിട്ടും പിരിച്ചുവിട്ടത് ജനാധിപത്യ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ നടപടിയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു.

അന്തരിച്ച പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കഴിഞ്ഞ നാല് വർഷമായി എൻഎസ്എസ് നേതൃത്വത്തിനൊപ്പം ഉറച്ചുനിന്നിരുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ അടുത്തകാലത്തെ സംഭവവികാസങ്ങൾ സംഘടനയ്ക്കുള്ളിൽ ഒരു “വിപ്ലവം” ആരംഭിക്കേണ്ട സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഗണേഷ് കുമാറിനെ സംഘടനയുടെ ഡയറക്റ്റർ ബോർഡിലേക്ക് വീണ്ടും നിയമിക്കേണ്ടതില്ലെന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് എൻഎസ്എസ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗണേഷ് കുമാറിന്‍റെ വിമർശനം. ഗണേഷ് കുമാറും എൻഎസ്എസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടെയാണ് അദ്ദേഹം അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ കമ്മിറ്റി ഭൂരിപക്ഷം അംഗങ്ങൾ രാജിവച്ചതിനെ തുടർന്ന് പിരിച്ചുവിട്ടത്. തുടർന്ന് ഗണേഷ് കുമാറിന്‍റെ എൻഎസ്എസ് ബോർഡ് അംഗത്വ കാലാവധി അവസാനിച്ചെന്നും പുതിയ കാലയളവിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com