

സുരേഷ് ഗോപി
പയ്യന്നൂർ: പുതിയ സ്റ്റോപ്പുകളിൽ ആദ്യമായി നിർത്തുന്ന മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ട്രെയിനിന് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഈ സ്റ്റോപ്പുകൾ പ്രാബല്യത്തിൽ വന്ന ആദ്യ ദിനത്തിലാണ് സുരേഷ് ഗോപി ട്രെയിനിലെത്തിയത്. എന്നാൽ ആശയക്കുഴപ്പം മൂലം പയ്യന്നൂരിലെ സ്റ്റോപ്പിൽ തന്നെ സ്വീകരിക്കാൻ ആരുമില്ലാതിരുന്നതിൽ കേന്ദ്ര മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
നാഗർകോവിൽ നിന്ന് മംഗളൂരു വരെയുള്ള അമൃത് ഭാരത് എക്സ്പ്രസിൽ സ്റ്റോപ്പ് അനുവദിച്ചത് സുരേഷ് ഗോപിയുടെ ഇടപെടൽ മൂലമാണെന്ന് ബിജെപിയും എംപിമാരുടെ ഇടപെടൽ മൂലമാണെന്ന് കോൺഗ്രസും അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് സംഭവം. അനുവദിച്ച പുതിയ മൂന്നു സ്റ്റോപ്പുകളിലും ട്രെയിനിൽ എത്തുമെന്ന് സുരേഷ് ഗോപി നേരത്തേ തന്നെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 10.36ന് കണ്ണൂരിലെത്തി പുലർച്ചെ 12.50ന് അമൃത് ഭാരതിൽ കയറുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ഇതു പ്രകാരം പയ്യന്നൂർ , നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ബിജെപി സ്വീകരണത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. എന്നാൽ തിരുവനന്തപുരത്തു നിന്നും സുരേഷ് ഗോപി യാത്ര ചെയ്തിരുന്ന വന്ദേ ഭാരത് വൈകിയതോടെ കാര്യങ്ങൾ എല്ലാം അവതാളത്തിലായി.
രണ്ടു മണിക്കൂറോളം വൈകിയാണ് വന്ദേ ഭാരത് കണ്ണൂരെത്തിയത്. 11.50ന് തലശേരിയിലെത്തിയ അമൃത് ഭാരത് സുരേഷ് ഗോപി എത്താൻ വേണ്ടി ഒരു മണിക്കൂറോളം പിടിച്ചിട്ടു. 12.51 ന് വന്ദേ ഭാരത് കണ്ണൂരിലെത്തിയ ശേഷം 1.09ന് അമൃത് ഭാരതും സ്റ്റേഷനിലെത്തി.1.44ന് ട്രെയിൻ പയ്യന്നൂരിലെത്തി. എന്നാൽ ട്രെയിൻ വൈകിയതോടെ സുരേഷ് ഗോപി എത്തില്ലെന്ന് കരുതിയ അണികൾ അപ്പോഴേക്കും തിരിച്ചു പോയിരുന്നു. അതോടെ പ്ലാറ്റ്ഫോമിൽ 6 മിനിറ്റ് ചെലവഴിച്ച ശേഷം സുരേഷ് ഗോപി അതേ ട്രെയിനിൽ തന്നെ യാത്ര തിരിച്ചു. അതേ സമയത്ത് നീലേശ്വരം സ്റ്റേഷനിൽ വാദ്യമേളങ്ങളോടെയും പുഷ്പവൃഷ്ടിയോടെയുമാണ് സുരേഷ് ഗോപിയെ അണികൾ സ്വീകരിച്ചത്.