ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമില്ല; എല്ലാവർക്കും ഒരേ നടപടി: രമേശ് ചെന്നിത്തല

ആരുടെയും ഇടപെടലോ ശുപാർശയോ അംഗീകരിക്കില്ലെന്നും ഓപ്പറേഷൻ തൂഫാൻ പക്ഷപാതരഹിതമായാണ് പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല
Ramesh Chennithala

രമേശ് ചെന്നിത്തല

Updated on

ന്യൂഡൽഹി: കേരളം സർക്കാരിന്‍റെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ രാഷ്ട്രീയമില്ലാത്ത നടപടിയാണെന്നും യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ഡിവൈഎഫ്ഐ പ്രവർത്തകർ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കുമെതിരേ ഒരേ രീതിയിലാണ് നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് അടുപ്പമുള്ള ഒരാൾ പോലും ലഹരിക്കേസിൽ ഉൾപ്പെട്ടാൽ മറ്റുള്ളവരോട് സ്വീകരിക്കുന്ന അതേ നടപടിയാണ് പൊലീസ് സ്വീകരിക്കുക. ഇത്തരം കേസുകളിൽ ആരുടെയും ഇടപെടലോ ശുപാർശയോ അംഗീകരിക്കില്ല. അതിനാൽ ഓപ്പറേഷൻ തൂഫാൻ പക്ഷപാതരഹിതമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും ലഹരിക്കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

“ഇത് രാഷ്ട്രീയമായി കാണേണ്ടതില്ല. അതിനുമപ്പുറമുള്ള വിഷയമാണിത്. ഒരു തലമുറയിലെ യുവാക്കളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഓപ്പറേഷൻ തൂഫാൻ 76 ദിവസം പിന്നിട്ടു. ഈ കാലയളവിൽ കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു”- രമേശ് ചെന്നിത്തല പറഞ്ഞു. തന്‍റെ വകുപ്പിന്‍റെയോ പൊലീസിന്‍റെയോ കഴിവ് മാത്രമല്ല, ജനങ്ങളുടെ പിന്തുണയാണ് ഈ മാറ്റത്തിന് കാരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സി‌എംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ പുതിയ നടപടികളെക്കുറിച്ചും ആഭ്യന്തരമന്ത്രി പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണയെ ചോദ്യം ചെയ്ത കേസിൽ “നിയമം അതിന്‍റെ വഴിക്ക് പോകട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com