

ദാമോദര മേനോൻ
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ള തൃശൂർ കരുമാത്ര സ്വദേശി ദാമോദര മേനോനെ കേരളത്തിലേക്ക് എത്തിക്കാൻ നോർക്ക ശ്രമം തുടങ്ങിയത് കഴിഞ്ഞ മാസം മുതൽ. വാടക പോലും കൊടുക്കാനാവാത്ത അവസ്ഥയിൽ ബ്രൂണെയിൽ കഴിയുകയാണ് ദാമോദര മേനോൻ. ആരോഗ്യ പ്രശ്നങ്ങളുള്ള അദ്ദേഹത്തെ ഏറ്റെടുക്കാൻ കുടുംബം തയാറാവാതിരുന്നതോടെയാണ് നോർക്ക ഇടപെടൽ നടത്തിയത്.
ബ്രൂണെ ദാരുസ്സലാമിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂറക്കനാട് ദാമോദര മേനോനെ സഹായിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നു കാട്ടി നോർക്ക സർക്കാരിനു ജൂലൈ 2ന് കത്തു നൽകിയത്. ദാമോദര മേനോൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയാണെന്നും കിഡ്‌നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലാണെന്നും കത്തിൽ പറയുന്നു.
വാടക നൽകാത്തതിനാൽ വീട്ടുടമസ്ഥയായ ചൈനീസ് യുവതിയാണ് മേനോനെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ എത്തിച്ചത്. മലേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ കഴിയുന്ന മക്കളെയും ഭാര്യയെയും ബന്ധപ്പെട്ടു. എന്നാൽ അവരാരും മേനോനെ ഏറ്റെടുക്കാൻ തയാറായില്ല. ഇതോടെയാണ് കേരളത്തിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചത്. മേനോന് നാട്ടിൽ വസ്തുവകകൾ ഉണ്ടെന്നും നാട്ടിലെത്തിച്ചാൽ നോക്കാമെന്നും ബന്ധുക്കൾ ഉറപ്പു നൽകി. തുടർന്നാണ് കമ്മിഷൻ നോർക്കയുമായി ബന്ധപ്പെട്ടത്. സ്ഥിരമായി താമസിക്കാൻ ഇടമില്ലാത്തതിനാൽ നിലവിൽ ഹൈകമ്മിഷൻ ഒരുക്കിയ താൽക്കാലിക സംരക്ഷണത്തിലാണ് മേനോൻ കഴിയുന്നത്.