

അങ്കമാലി: രക്ത പരിശോധനയ്ക്കെതിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവപ്പ് നൽകി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയുടെ ഭാഗത്തു നിന്നാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്.
വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. കടുത്ത പനിയെ തുടർന്ന് രക്ത പരിശോധനയ്ക്ക് 7 വയസുകാരി അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയത്. കുട്ടിയുടെ അമ്മ ഒപി ടിക്കറ്റ് എടുക്കാന്‍ പോയ സമയത്താണ് നഴ്സ് കുഞ്ഞിനെ കുത്തിവച്ച്ത്. അമ്മ തിരിച്ച് എത്തിയപ്പോഴാണ് കാര്യമറിയുന്നത്. കുട്ടിയുടെ 2 കൈയിലും കുത്തിവപ്പെടുത്തിരുന്നു.
നഴ്സ് ചോദിച്ചപ്പോൾ പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം. എന്നാൽ അതേസമയത്ത് മറ്റൊരു കുട്ടി പേവിഷബാധയ്ക്കുള്ള കുത്തിവപ്പ് എടുക്കാന്‍ എത്തിയിരുന്നു. മാറിപ്പോയതാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.
രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവപ്പെടുത്തതിൽ നഴ്സിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായും സംഭവത്തിൽ നടപടിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. അതേസമയം, കുഞ്ഞ് ഇപ്പോഴും നിരീക്ഷണത്തിലാണെന്നും പനിയുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആധികൃതർ അറിയിച്ചു.