തിരുവനന്തപുരം: നറുക്കെടുപ്പിന് കേവലം 4 നാൾ മാത്രം മുന്നിൽ നിൽക്കെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബർ വിൽപ്പന 63 ലക്ഷത്തിലേക്ക്.
ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിൽക്കാനായി നൽകിയിട്ടുള്ളത്. 7 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇനി വിപണിയിലുള്ളത്. 4 ദിവസം കൂടി മാത്രം അവശേഷിക്കെ ഇതു മുഴുവൻ വിറ്റുപോകുമെന്നാണു പ്രതീക്ഷ.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബംബര്‍ വിപണിയിലുള്ളത്.
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫിസുകളിലേതുള്‍പ്പെടെ 11,76,990 ടിക്കറ്റുകൾ അവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടു. 8,24,140 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 7,68,160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും പിന്നാലെയുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഇനി ഒരു ലക്ഷം ടിക്കറ്റിൽ താഴെയേ വിൽക്കാനുള്ളു. കൊല്ലം ജില്ലയിൽ അവശേഷിക്കുന്നത് 23,000 ടിക്കറ്റ് മാത്രം. പത്തനംതിട്ടയിൽ 12,000 ടിക്കറ്റുകളേ വിപണിയിലുള്ളു. കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയിൽ 15,000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്.